കഴിഞ്ഞ വെള്ളിയാഴ്ച ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച നേരിട്ട ഇന്ത്യൻ രൂപ, റിസർവ് ബാങ്കിന്റെ നിർണ്ണായക ഇടപെടലിനെത്തുടർന്ന് ശക്തമായ തിരിച്ചുവരവ് നടത്തി. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ ഡോളറിനെതിരെ രൂപയുടെ മൂല്യം ഒരു ശതമാനത്തോളം ഉയർന്ന് 93.85 എന്ന നിലയിലെത്തി. വെള്ളിയാഴ്ച 94.84 എന്ന എക്കാലത്തെയും താഴ്ന്ന നിരക്കിലായിരുന്നു രൂപയുടെ മൂല്യം അവസാനിച്ചിരുന്നത്. അവിടെ നിന്നാണ് ഒറ്റയടിക്ക് ഒരു രൂപയോളമുള്ള വൻ മുന്നേറ്റം രൂപ കാഴ്ചവെച്ചത്. വിദേശ നാണയ വിപണിയിലെ അമിതമായ ചാഞ്ചാട്ടം നിയന്ത്രിക്കാനാണ് ആർബിഐ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
ബാങ്കുകൾക്ക് വിദേശ നാണയ വിപണിയിൽ കൈവശം വെക്കാവുന്ന ‘നെറ്റ് ഓപ്പൺ പൊസിഷൻ’ 100 ദശലക്ഷം ഡോളറായി റിസർവ് ബാങ്ക് പരിമിതപ്പെടുത്തിയതാണ് രൂപയ്ക്ക് തുണയായത്. ബാങ്കുകൾ ഒരു ദിവസം നടത്തുന്ന മൊത്തം വിദേശ കറൻസി ഇടപാടുകൾക്ക് ശേഷമുള്ള ബാലൻസിനെയാണ് നെറ്റ് ഓപ്പൺ പൊസിഷൻ എന്ന് വിളിക്കുന്നത്. ഈ പരിധി നിശ്ചയിച്ചതോടെ ബാങ്കുകൾക്ക് വലിയ തോതിൽ ഡോളർ ശേഖരിച്ചുവെക്കാനോ ഊഹക്കച്ചവടത്തിൽ ഏർപ്പെടാനോ സാധിക്കില്ല. ഏപ്രിൽ 10-നകം എല്ലാ ബാങ്കുകളും ഈ നിർദ്ദേശം കർശനമായി പാലിക്കണമെന്ന് ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്.
Also Read: സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു! ഇന്നത്തെ വിലയറിയാം
പുതിയ ഉത്തരവ് വന്നതോടെ കൈവശമുള്ള അധിക ഡോളർ വിപണിയിൽ വിറ്റഴിക്കാൻ ബാങ്കുകൾ നിർബന്ധിതരായി. ഇതോടെ വിപണിയിൽ ഡോളറിന്റെ ലഭ്യത കൂടുകയും രൂപയുടെ മൂല്യം പെട്ടെന്ന് ഉയരുകയും ചെയ്തു. വരും ദിവസങ്ങളിലും രൂപയുടെ മൂല്യത്തകർച്ച തടയാൻ ഈ നീക്കം സഹായിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ആഗോള വിപണിയിലെ പ്രതിസന്ധികൾക്കിടയിലും രൂപയുടെ കരുത്ത് നിലനിർത്താൻ ആർബിഐയുടെ ഈ ‘മാസ്റ്റർ സ്ട്രോക്ക്’ വലിയ രീതിയിൽ ഗുണം ചെയ്യും.
The post രൂപയ്ക്ക് കരുത്തേകി ആർബിഐയുടെ ‘മാസ്റ്റർ സ്ട്രോക്ക്’; ഡോളറിനെതിരെ തിരിച്ചുവരവ് appeared first on Express Kerala.



