
ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ‘പള്ളിച്ചട്ടമ്പി’ എന്ന ചിത്രത്തിന്റെ പ്രമോഷനിടെ നടി കയാദു ലോഹർ നടത്തിയ പ്രതികരണമാണ് ഇപ്പോൾ സിനിമാ ലോകത്ത് ചർച്ചയാകുന്നത്. മലയാളത്തിൽ മൂന്ന് സിനിമകൾ ചെയ്തിട്ടും എന്തുകൊണ്ടാണ് ഇംഗ്ലീഷിൽ സംസാരിക്കുന്നത് എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം. താൻ ദക്ഷിണേന്ത്യയിൽ നിന്നുള്ള ആളല്ലെന്നും ഇവിടുത്തെ ഭാഷകൾ പഠിക്കാൻ ആത്മാർത്ഥമായി ശ്രമിക്കുന്നുണ്ടെന്നും കയാദു പറഞ്ഞു.
ഭാഷയിലൂടെയാണ് പ്രേക്ഷകർക്ക് ഒരു അഭിനേതാവിനോട് ഏറ്റവും കൂടുതൽ കണക്ട് ചെയ്യാൻ സാധിക്കുന്നതെന്ന് താൻ വിശ്വസിക്കുന്നുവെന്ന് കയാദു വ്യക്തമാക്കി. “എനിക്ക് കുറച്ചു സമയം കൂടി തരൂ, തമിഴും മലയാളവും ഞാൻ നന്നായി സംസാരിക്കും. തുടർച്ചയായി വിവിധ ഭാഷകളിൽ അഭിനയിക്കുമ്പോൾ അത് പഠിച്ചെടുക്കാൻ ചെറിയ ബുദ്ധിമുട്ടുണ്ട്. എങ്കിലും ഇവിടുത്തെ ഭാഷയോടുള്ള ഇഷ്ടം കാരണം ഞാൻ അത് പഠിക്കാൻ ശ്രമിക്കുകയാണ്,” താരം കൂട്ടിച്ചേർത്തു.
Also Read: ഹോളിവുഡ് നിലവാരത്തിൽ ‘കത്തനാർ’! ടീസർ ട്രെയിലർ പുറത്ത്
ഏപ്രിൽ പത്തിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ അഞ്ച് ഭാഷകളിലായി ‘പള്ളിച്ചട്ടമ്പി’ റിലീസ് ചെയ്യും. 1950-60 കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം വേൾഡ് വൈഡ് ഫിലിംസിന്റെയും സി ക്യൂബ് ബ്രോസ് എന്റർടൈന്മെന്റിന്റെയും ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്. വിജയരാഘവൻ, സുധീർ കരമന, ബാബുരാജ്, വിനോദ് കെടാമംഗലം തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
സംവിധായകൻ ഡിജോ ജോസ് ആന്റണിയും സംഗീത സംവിധായകൻ ജേക്ക്സ് ബിജോയിയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. ബോളിവുഡ് ഗായകൻ വിശാൽ മിശ്ര മലയാളത്തിൽ ആദ്യമായി ആലപിച്ച ‘കാട്ടുചെമ്പകം’ എന്ന ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ‘
The post ‘മലയാളവും തമിഴും ഞാൻ നന്നായി സംസാരിക്കും, കുറച്ചു സമയം തരൂ’; മനസ്സ് തുറന്ന് നടി കയാദു ലോഹർ appeared first on Express Kerala.




