
ആലത്തൂർ: വീടിനു പുറത്ത് ഷൂവിനുള്ളിൽ സൂക്ഷിച്ച താക്കോലെടുത്ത് വീടുതുറന്ന് 10 പവൻ സ്വർണാഭരണങ്ങളും 90,000 രൂപയും കവർന്നു. തരൂർ പഴമ്പാലക്കോട് പാനത്ത് വീട്ടിൽ പി.കെ. ജോയിയുടെ വീട്ടിലാണ് മോഷണം നടന്നത്. മോഷണത്തിന് ശേഷം കള്ളൻ താക്കോൽ തിരികെ ഷൂവിനുള്ളിൽ തന്നെ ഒളിപ്പിച്ചുവെച്ചു.
ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ജോയിയുടെ ഭാര്യ ജിജി സ്ഥിരമായി ചൊവ്വാഴ്ചകളിൽ ചേലക്കരയിലെ പള്ളിയിൽ പോകാറുണ്ട്. ഇവരെ തിരികെ വിളിക്കാൻ പോയതായിരുന്നു ജോയി. പോകുന്ന വഴി വീട് പൂട്ടി താക്കോൽ സിറ്റൗട്ടിലെ ഷൂവിനുള്ളിൽ ഒളിപ്പിച്ചുവെച്ചു. എന്നാൽ തിരികെ എത്തിയപ്പോൾ മുൻവാതിൽ ചാരിയിട്ട നിലയിലായിരുന്നു. ഉടൻ തന്നെ ഷൂ പരിശോധിച്ചപ്പോൾ താക്കോൽ അവിടെത്തന്നെ ഇരിക്കുന്നുണ്ടായിരുന്നു. എന്നാൽ അകത്തുകയറി അലമാര പരിശോധിച്ചപ്പോഴാണ് പണവും സ്വർണ്ണവും നഷ്ടപ്പെട്ട വിവരം ദമ്പതികൾ അറിയുന്നത്.
Also Read: മുംബൈയിൽ നാലുവയസ്സുകാരനോട് ക്രൂരത; കാലിൽ തൂക്കിയെടുത്ത് തല നിലത്തടിച്ചു, കുട്ടി ഐസിയുവിൽ
വീട്ടുകാരുടെ ശീലങ്ങളെക്കുറിച്ച് കൃത്യമായി അറിയുന്ന ആരെങ്കിലുമാകാം ഇതിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. എല്ലാ ചൊവ്വാഴ്ചയും ദമ്പതികൾ പുറത്തുപോകുമെന്നതും താക്കോൽ എവിടെയാണ് വെക്കാറുള്ളതെന്നതും മുൻകൂട്ടി മനസ്സിലാക്കിയാണ് കവർച്ച നടന്നിരിക്കുന്നത്. ജോയി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആലത്തൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും വീട്ടിലെത്തി കൂടുതൽ തെളിവുകൾ ശേഖരിക്കും.
The post ഷൂവിനുള്ളിലെ താക്കോൽ ‘പാരയായി’; ആലത്തൂരിൽ വീടുതുറന്ന് 10 പവനും പണവും കവർന്നു appeared first on Express Kerala.




