
ഗൂഡല്ലൂർ: മുതുമല കടുവ സങ്കേതത്തിലെ മസിനഗുഡി– മായാർ റോഡിൽ വന്യമൃഗങ്ങളുമായി സെൽഫിയെടുക്കാനും അവയുടെ അടുത്തേക്ക് പോകാനും ശ്രമിക്കുന്ന വിനോദസഞ്ചാരികൾക്കെതിരെ വനം വകുപ്പ് നടപടി കർശനമാക്കുന്നു. ഈ മേഖലയിൽ കരടി ഉൾപ്പെടെയുള്ള വന്യജീവികൾ റോഡരികിൽ പ്രത്യക്ഷപ്പെടുന്നത് പതിവാണ്. എന്നാൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് മൃഗങ്ങളുടെ തൊട്ടടുത്തെത്തി ദൃശ്യങ്ങൾ പകർത്താൻ സഞ്ചാരികൾ മുതിരുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുന്ന സാഹചര്യത്തിലാണ് വനം വകുപ്പിന്റെ ഇടപെടൽ.
മസിനഗുഡിയിൽ നിന്ന് വിനോദസഞ്ചാരികളുമായി സഫാരി പോകുന്ന ജീപ്പ് ഡ്രൈവർമാർക്ക് വനം വകുപ്പ് ഇത് സംബന്ധിച്ച് കർശന നിർദേശങ്ങൾ നൽകി കഴിഞ്ഞു. വന്യമൃഗങ്ങളെ കാണുമ്പോൾ വാഹനങ്ങൾ കുറഞ്ഞത് 50 മീറ്റർ അകലത്തിൽ മാത്രമേ നിർത്താവൂ. മൃഗങ്ങളുടെ തൊട്ടടുത്ത് വാഹനം നിർത്താനോ സഞ്ചാരികളെ പുറത്തിറങ്ങാൻ അനുവദിക്കാനോ പാടില്ല. സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സഫാരി ഡ്രൈവർമാർക്കാണെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.
Also Read: രാഷ്ട്രീയ ചേരിതിരിവ് ഏറ്റവും കൂടുതലുള്ള സംസ്ഥാനം; ബംഗാൾ സർക്കാരിനെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി!
നിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെയും സഞ്ചാരികൾക്കെതിരെയും പിഴ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. വന്യജീവികളുടെ സ്വാഭാവിക ജീവിതത്തിന് തടസ്സം നിൽക്കുന്ന രീതിയിലുള്ള പ്രവൃത്തികൾ അനുവദിക്കില്ലെന്നും വനം വകുപ്പ് അറിയിച്ചു.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)
The post വന്യമൃഗങ്ങൾക്കൊപ്പം സെൽഫി; മസിനഗുഡിയിൽ സഞ്ചാരികൾക്ക് നിയന്ത്രണം, ലംഘിച്ചാൽ കർശന നടപടി appeared first on Express Kerala.




