
ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ല, തങ്ങളുടെ ഐതിഹാസിക മോഡലുകളായ മോഡൽ എസ് (Model S), മോഡൽ എക്സ് (Model X) എന്നിവയുടെ ഉത്പാദനം ഔദ്യോഗികമായി അവസാനിപ്പിക്കുന്നു. ചൈനീസ് കമ്പനിയായ ബിവൈഡി ഉൾപ്പെടെയുള്ളവരിൽ നിന്നുള്ള കടുത്ത മത്സരവും വിൽപ്പനയിലെ ഇടിവും നേരിടുന്ന സാഹചര്യത്തിൽ, പുതിയ മേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നിർണ്ണായക തീരുമാനം. ഇതോടെ ടെസ്‌ലയുടെ ചരിത്രത്തിലെ സുപ്രധാനമായ ഒരു അധ്യായത്തിന് തിരശ്ശീല വീഴുകയാണ്.
ഈ രണ്ട് മോഡലുകളുടെയും വെറും 600 യൂണിറ്റുകൾ മാത്രമാണ് ഇനി സ്റ്റോക്കിലുള്ളതെന്നും പുതിയ ബുക്കിംഗുകൾ ഇനി സ്വീകരിക്കില്ലെന്നും ടെസ്‌ല സിഇഒ ഇലോൺ മസ്ക് വ്യക്തമാക്കി. തനിക്ക് ഏറെ പ്രിയപ്പെട്ട കാറുകളാണിവ എന്ന് കുറിച്ചുകൊണ്ട് 2012-ൽ പുറത്തിറങ്ങിയ മോഡൽ എസിന്റെ ചിത്രം അദ്ദേഹം എക്സിൽ പങ്കുവെച്ചു. ഈ വാഹനങ്ങളുടെ പടിയിറക്കം ഔദ്യോഗികമായി രേഖപ്പെടുത്താൻ പ്രത്യേക ചടങ്ങ് സംഘടിപ്പിക്കുമെന്നും മസ്ക് അറിയിച്ചു. ജനുവരിയിൽ നടന്ന സാമ്പത്തിക അവലോകന യോഗത്തിൽ തന്നെ ഈ മോഡലുകൾ നിർത്തലാക്കുന്നതിനെക്കുറിച്ച് അദ്ദേഹം സൂചന നൽകിയിരുന്നു.
Also Read:ഒറ്റ ചാർജിൽ 500 കി.മീ റേഞ്ച്; വിൻഫാസ്റ്റ് ഇവി എംപിവി വിപണി പിടിക്കാൻ തയ്യാർ
ഭാവിയിൽ ഈ കാറുകൾ നിർമ്മിച്ചിരുന്ന പ്ലാന്റുകൾ ‘ഒപ്റ്റിമസ്’ റോബോട്ട് ഫാക്ടറികളായി മാറ്റാനാണ് കമ്പനിയുടെ തീരുമാനം. ഇലക്ട്രിക് വാഹന നിർമ്മാണത്തിൽ നിന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് എന്നീ മേഖലകളിലേക്ക് ടെസ്‌ല നടത്തുന്ന വലിയൊരു മാറ്റമായാണ് ഇതിനെ വിലയിരുത്തുന്നത്. 2012-ൽ എത്തിയ മോഡൽ എസും 2015-ൽ എത്തിയ മോഡൽ എക്സും ചേർന്ന് ഇതുവരെ 6.10 ലക്ഷം യൂണിറ്റുകളാണ് വിറ്റഴിച്ചത്. വാഹനലോകത്ത് വിപ്ലവം സൃഷ്ടിച്ച ഈ മോഡലുകളുടെ വിടവാങ്ങൽ ഇലക്ട്രിക് വാഹന വിപണിയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
The post ഒരു യുഗം അവസാനിക്കുന്നു; മോഡൽ എസും മോഡൽ എക്സും പടിയിറങ്ങുന്നു, നിർമ്മാണം നിർത്തി ടെസ്‌ല appeared first on Express Kerala.




