
ആലപ്പുഴ: അമ്പലപ്പുഴയിലെ യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരന്റെ തിരഞ്ഞെടുപ്പ് പോസ്റ്ററുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടതായി പരാതി. പോസ്റ്ററുകൾ കീറുകയും ചെളിവാരിയെറിയുകയും ചെയ്യുന്ന ദൃശ്യങ്ങൾ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും എന്നാൽ ഇത്തരം പ്രവർത്തികൾ കൊണ്ട് തന്നെ തളർത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ജി. സുധാകരൻ.
എന്റെ പോസ്റ്ററുകളിൽ ചെളിവാരിയെറിഞ്ഞാലും ജനമനസ്സുകളിൽ ചെളി വാരിയെറിയാൻ ആർക്കും സാധിക്കില്ല. ഇത്തരം ആക്രമണങ്ങളിൽ എനിക്ക് പരിഭവമില്ല, ഇതെല്ലാം എനിക്ക് അനുകൂലമായ വോട്ടുകളായി മാറും ജി. സുധാകരൻ പറഞ്ഞു. പ്രസംഗത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനങ്ങൾക്കും അദ്ദേഹം മറുപടി നൽകി. കോൺഗ്രസിനൊപ്പം ചേർന്ന് താൻ ചെളിയിൽ താഴുകയാണെന്ന മുഖ്യമന്ത്രിയുടെ പരിഹാസത്തിന്, താൻ മുൻപും വയൽവരമ്പുകളിലൂടെ നടന്നിട്ടുണ്ടെന്നും ഒരു ചെളിക്കുണ്ടിലും താഴ്ന്നിട്ടില്ലെന്നും അദ്ദേഹം മറുപടി നൽകി.
Also Read: രാഹുൽ ഗാന്ധിക്ക് രാഷ്ട്രീയ നിലപാടില്ല: എ. വിജയരാഘവൻ
ഇന്ത്യ മുന്നണിയിൽ എൽ.ഡി.എഫ് അംഗമാണെന്നിരിക്കെ, ഒരു മുന്നണിയിലുമില്ലാത്ത തനിക്ക് മതേതര പാർട്ടിയായ കോൺഗ്രസ് പിന്തുണ നൽകിയതിൽ തെറ്റില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി കണ്ണ് തുറന്നാണ് ഇരിക്കുന്നതെങ്കിലും അദ്ദേഹത്തിന് രാഷ്ട്രീയ തിമിരം ബാധിച്ചിരിക്കുകയാണെന്ന് സുധാകരൻ പരിഹസിച്ചു. ആര് വോട്ട് ചെയ്യാമെന്ന് പറഞ്ഞാലും വേണ്ടെന്ന് വെക്കില്ല. എന്നാൽ ബിജെപി നേതാക്കളോട് വോട്ട് ചോദിച്ചിട്ടില്ല. ബിജെപിയുമായി ഡീൽ ഉണ്ടെങ്കിൽ അത് ചെങ്ങന്നൂരിൽ മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.
The post ജനമനസ്സുകളിൽ ചെളിവാരിയെറിയാൻ കഴിയില്ല! പോസ്റ്ററുകൾ നശിപ്പിച്ചവർക്ക് മറുപടിയുമായി ജി. സുധാകരൻ appeared first on Express Kerala.




