
മീററ്റ്: പ്രണയബന്ധത്തിന് തടസ്സമായ ബിഎസ്എഫ് ജവാനെ ഭാര്യയും കാമുകനും ചേർന്ന് വെടിവെച്ചുകൊന്നു. ഉത്തർപ്രദേശിലെ മീററ്റിൽ മാർച്ച് 28-നാണ് ദാരുണമായ സംഭവം നടന്നത്. ബംഗാളിൽ സേവനമനുഷ്ഠിച്ചിരുന്ന നൈൻ സിങ് (35) അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ കോമൾ ദേവി (32), കാമുകനായ ഗുൽഷൻ, മറ്റ് മൂന്ന് സഹായികൾ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന നൈൻ സിങ്ങിനെ സംഘം വെടിവെച്ചു വീഴ്ത്തുകയായിരുന്നു. നൈൻ സിങ്ങിന്റെ പിതാവ് അയൽവാസികളായ നാലുപേർക്കെതിരെ നൽകിയ പരാതിയിൽ ആദ്യം അന്വേഷണം നടന്നുവെങ്കിലും അവർക്ക് പങ്കില്ലെന്ന് തെളിഞ്ഞു. തുടർന്ന് പൊലീസ് നടത്തിയ ശാസ്ത്രീയ പരിശോധനകളിലും ഫോൺ രേഖകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലുമാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
Also Read: പിതാവിന്റെ ക്രൂരത; നാല് വയസ്സുകാരായ ഇരട്ട പെൺമക്കളെ കിണറ്റിലെറിഞ്ഞു കൊന്നു
നൈൻ സിങ്ങിന്റെ ബന്ധു കൂടിയായ ഗുൽഷനുമായി കോമൾ ദീർഘകാലമായി പ്രണയത്തിലായിരുന്നു. ഈ ബന്ധം നൈൻ സിങ് ശക്തമായി എതിർത്തതോടെയാണ് ഇയാളെ ഇല്ലാതാക്കാൻ ഇരുവരും തീരുമാനിച്ചത്. കൊലപാതകത്തിനുള്ള ക്വട്ടേഷൻ നൽകാനും തോക്ക് വാങ്ങാനുമായി കോമൾ തന്റെ സ്വർണാഭരണങ്ങൾ വിറ്റതായി പൊലീസ് കണ്ടെത്തി. കോമൾ, ഗുൽഷൻ എന്നിവരെ കൂടാതെ സഹായം നൽകിയ രാഹുൽ, ഗുഡു, മോണ്ടു എന്നിവരും ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. കുറ്റകൃത്യത്തിന് ഉപയോഗിച്ച തോക്കും പൊലീസ് വീണ്ടെടുത്തു.
The post സ്വർണം വിറ്റ് തോക്ക് വാങ്ങി, ഉറങ്ങിക്കിടന്ന ബിഎസ്എഫ് ജവാനെ വെടിവെച്ചുകൊന്നു; ഭാര്യയും കാമുകനും പിടിയിൽ appeared first on Express Kerala.




