
ഛത്തീസ്ഗഡിലെ കന്യാസ്ത്രീകൾക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുലിന്റെ വിമർശനം അജ്ഞതയും അധികപ്രസംഗവുമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, കോൺഗ്രസിന്റെ സ്വഭാവം വെച്ച് സി.പി.ഐ.എമ്മിനെ അളക്കാൻ വരേണ്ടെന്നും പറഞ്ഞു.
ബി.ജെ.പി സർക്കാരുകൾ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യാൻ ആയുധമാക്കുന്ന നിയമങ്ങൾ കോൺഗ്രസിന്റെ സംഭാവനയാണെന്ന് രാഹുൽ മറക്കരുത്. 2022-23 കാലയളവിൽ ഛത്തീസ്ഗഡിൽ ക്രൈസ്തവർ വേട്ടയാടപ്പെട്ടപ്പോൾ അവിടെ ഭരണം കോൺഗ്രസിനായിരുന്നു. അന്ന് രാഹുൽ ഗാന്ധി എവിടെയായിരുന്നുവെന്ന് മുഖ്യമന്ത്രി ചോദിച്ചു. മധ്യപ്രദേശിലെ വിവാദമായ മതസ്വാതന്ത്ര്യ നിയമം ഛത്തീസ്ഗഡിലും നിലനിർത്തിയത് അജിത് ജോഗിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരാണ്. ന്യൂനപക്ഷങ്ങളെ അടിച്ചമർത്താൻ ഉപയോഗിക്കുന്ന ഈ നിയമം റദ്ദാക്കാൻ കോൺഗ്രസ് തയ്യാറായില്ല. ഇത്തരം ഭരണഘടനാ വിരുദ്ധ നിയമങ്ങൾ റദ്ദാക്കണമെന്നതാണ് ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാട്. സി.പി.ഐ.എം തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലും ഇത് വ്യക്തമാക്കിയിട്ടുണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി.
Also Read: അതിദാരിദ്ര്യം ഇല്ലാതാക്കി, തൊഴിലില്ലായ്മ കുറച്ചു; എൽഡിഎഫ് സർക്കാരിനെ പ്രശംസിച്ച് തോമസ് ഐസക്
നേരത്തെ, തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേരള മുഖ്യമന്ത്രി ബി.ജെ.പി പ്രീണനം നടത്തുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ ആക്രമിച്ചവരോടൊപ്പം നിൽക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളതെന്നും, സംസ്ഥാനം മയക്കുമരുന്ന് തലസ്ഥാനമായി മാറിയെന്നും രാഹുൽ വിമർശിച്ചിരുന്നു. ഇതിനുള്ള ശക്തമായ തിരിച്ചടിയാണ് മുഖ്യമന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ നൽകിയിരിക്കുന്നത്.
The post കോൺഗ്രസിന്റെ അളവുകോൽ സി.പി.ഐ.എമ്മിന് വേണ്ട; രാഹുൽ ഗാന്ധിക്ക് മുഖ്യമന്ത്രിയുടെ മറുപടി appeared first on Express Kerala.




