
എറണാകുളം: കുന്നത്തുനാടിൽ ട്വന്റി20 സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണ കൺവെൻഷനിൽ സംസാരിക്കവെ കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെയും വികസന മുരടിപ്പിനെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തി. കേരളത്തിന്റെ ചരിത്രം മാറ്റിക്കുറിക്കുന്ന ഒരു തിരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നതെന്നും എൽഡിഎഫും യുഡിഎഫും മാറി മാറി ഭരിച്ച സംസ്ഥാനത്ത് അഴിമതി മാത്രമാണ് വർദ്ധിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളം ശരിയായ ദിശയിലേക്ക് വരണമെങ്കിൽ നരേന്ദ്ര മോദി നേതൃത്വം നൽകുന്ന ബിജെപി ഭരണം വരണമെന്നും എൻഡിഎ അധികാരത്തിലെത്തിയാൽ രണ്ട് വർഷത്തിനുള്ളിൽ എയിംസിന്റെ പണി തുടങ്ങുമെന്നും അദ്ദേഹം ഉറപ്പുനൽകി.
ക്രൈസ്തവ സമൂഹത്തോട് എൻഡിഎയ്ക്ക് വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത അമിത് ഷാ, ബിജെപിക്ക് മുന്നിൽ എല്ലാവരും തുല്യരാണെന്നും തങ്ങൾക്ക് പ്രീണന രാഷ്ട്രീയമില്ലെന്നും വ്യക്തമാക്കി. മുനമ്പം വിഷയത്തിൽ എൽഡിഎഫും യുഡിഎഫും നിശബ്ദത പാലിച്ചപ്പോൾ ബിജെപി നിയമനിർമ്മാണത്തിലൂടെ പരിഹാരത്തിന് ശ്രമിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു. കേരളത്തിന് പുറത്ത് കോൺഗ്രസും സിപിഎമ്മും പ്രണയിതാക്കളാണെന്നും എന്നാൽ കേരളത്തിൽ അവർ ശത്രുക്കളായി അഭിനയിക്കുകയാണെന്നും പരിഹസിച്ച അദ്ദേഹം, പിണറായി സർക്കാർ കേന്ദ്ര പദ്ധതികളുടെ പേരുമാറ്റി സ്വന്തം പദ്ധതികളായി അവതരിപ്പിക്കുകയാണെന്നും ആരോപിച്ചു. കേന്ദ്രത്തിന്റെ ഭവന നിർമ്മാണ പദ്ധതി ലൈഫ് മിഷനായും സ്റ്റാർട്ട് അപ്പ് ഫണ്ടുകൾ പുതിയ പേരുകളിലും അവതരിപ്പിക്കുമ്പോൾ റോഡുകളിലെ ബോർഡുകളിൽ മുഖ്യമന്ത്രിയുടെ ചിത്രം മാത്രമാണുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Also Read:വയനാടിന്റെ പേരിൽ കൊള്ളയടിക്കാൻ നീക്കം; കോൺഗ്രസിന്റേത് കള്ളക്കണക്കെന്ന് എം. സ്വരാജ്
കൊച്ചി മെട്രോ രണ്ടാം ഘട്ടം, സ്മാർട്ട് സിറ്റി പദ്ധതി എന്നിവയുൾപ്പെടെ കൊച്ചിയുടെ വികസനത്തിനായി കേന്ദ്രം നൽകുന്ന സാമ്പത്തിക സഹായങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. 2014-ൽ 14 ശതമാനമായിരുന്ന എൻഡിഎയുടെ വോട്ട് വിഹിതം 2024-ൽ 20 ശതമാനമായി ഉയർന്നത് ഭാവിയിൽ ബിജെപി കേരളം ഭരിക്കുമെന്നതിന്റെ സൂചനയാണെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ ഉൾപ്പെട്ട കുറ്റവാളികളെ എൻഡിഎ സർക്കാർ അധികാരത്തിൽ വന്നാൽ ജയിലിലടയ്ക്കുമെന്നും ഇത്തവണ കേരളത്തിലെ ‘എ ടീം’ ബിജെപിയാണെന്നും അമിത് ഷാ പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ ട്വന്റി20 സ്ഥാനാർത്ഥികൾ മുഴുവൻ പങ്കെടുത്ത ചടങ്ങിലായിരുന്നു അമിത് ഷായുടെ ഈ പ്രസംഗം.
The post ഭരണത്തിലെത്തിയാൽ രണ്ട് വർഷത്തിനുള്ളിൽ എയിംസ്; ക്രൈസ്തവ പിന്തുണ തേടി അമിത് ഷാ appeared first on Express Kerala.




