ഹോർമുസ് കടലിടുക്കിലെ സുരക്ഷ! ഒമാനും ഇറാനും ചർച്ച നടത്തി; റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കൂട്ടി ഇന്ത്യ

ഹോർമുസ് കടലിടുക്കിലെ സുരക്ഷ! ഒമാനും ഇറാനും ചർച്ച നടത്തി; റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കൂട്ടി ഇന്ത്യ

മേഖലയിലെ നിലവിലെ സംഘർഷാവസ്ഥയ്ക്കിടയിലും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുഗമമാക്കുന്നതിനായി ഒമാനും ഇറാനും തമ്മിൽ ഉന്നതതല ചർച്ച നടത്തി. ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രാലയ അണ്ടർ സെക്രട്ടറിമാരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ വിവിധ മേഖലകളിലെ വിദഗ്ധരും പങ്കെടുത്തു. ലോകത്തെ ഇന്ധന വിതരണത്തിന്റെ വലിയൊരു ഭാഗം കടന്നുപോകുന്ന പാതയായതിനാൽ, ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കാത്ത വിധം വ്യാപാര-ഊർജ്ജ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള വിവിധ നിർദ്ദേശങ്ങളാണ് യോഗത്തിൽ ഉയർന്നുവന്നത്.

ഇറാനിൽ നിന്നുള്ള ഇന്ധന ഇറക്കുമതി പുനരാരംഭിക്കാൻ ഇന്ത്യ സജീവമായ ശ്രമങ്ങൾ നടത്തുന്നുണ്ട്. യുദ്ധസഹചര്യത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് ഭാഗികമായി അടച്ചതോടെ ഇന്ത്യയുടെ എൽപിജി ഇറക്കുമതിയിൽ 40 ശതമാനത്തിന്റെ കുറവുണ്ടായിരുന്നു. നിലവിൽ ഇറാനിൽ നിന്ന് ഒരു ടാങ്കർ എൽപിജി ഇന്ത്യയിലെത്തിയതായും വരും ദിവസങ്ങളിൽ കൂടുതൽ എൽപിജി, ക്രൂഡ് ഓയിൽ ടാങ്കറുകൾ എത്താൻ സാധ്യതയുണ്ടെന്നുമാണ് സൂചന. പശ്ചിമേഷ്യയിലെ പ്രതിസന്ധികൾ കാരണം മൊത്തത്തിലുള്ള ഊർജ്ജ ഇറക്കുമതിയിൽ 15 ശതമാനം ഇടിവുണ്ടായ സാഹചര്യത്തിൽ ഇത് ഇന്ത്യക്ക് നിർണ്ണായകമാണ്.

അതേസമയം, റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ ഇന്ത്യ വൻ വർധനവ് രേഖപ്പെടുത്തി. 2025 അവസാനത്തിലും 2026-ന്റെ തുടക്കത്തിലും അമേരിക്കൻ ഇടപെടൽ മൂലം റഷ്യൻ എണ്ണയുടെ വരവ് കുറഞ്ഞിരുന്നെങ്കിലും, യുദ്ധസാഹചര്യത്തിൽ അമേരിക്ക പ്രഖ്യാപിച്ച 30 ദിവസത്തെ ഇളവ് ഇന്ത്യ പ്രയോജനപ്പെടുത്തി. ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ 90 ശതമാനത്തിന്റെ കുതിച്ചുചാട്ടമാണ് ഉണ്ടായത്. പശ്ചിമേഷ്യയിലെ തടസ്സങ്ങൾ പരിഹരിക്കപ്പെടുന്നത് വരെ റഷ്യൻ വിപണിയെ കൂടുതൽ ആശ്രയിക്കാനാണ് ഇന്ത്യയുടെ തീരുമാനം.

The post ഹോർമുസ് കടലിടുക്കിലെ സുരക്ഷ! ഒമാനും ഇറാനും ചർച്ച നടത്തി; റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കൂട്ടി ഇന്ത്യ appeared first on Express Kerala.

Spread the love
Scroll to Top