
പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ആഗോളതലത്തിൽ ഇന്ധന വിതരണം തടസ്സപ്പെട്ട സാഹചര്യത്തിൽ നേപ്പാൾ സർക്കാർ രാജ്യത്ത് രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. ഏപ്രി കാഠ്മണ്ഡുവിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ശനി, ഞായർ ദിവസങ്ങളിൽ അവധി നൽകാൻ തീരുമാനിച്ചത്. ഏപ്രിൽ 6 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ പരിഷ്കാരം സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമായിരിക്കും. ഇന്ധന ഉപയോഗം കുറയ്ക്കുന്നതിലൂടെ പ്രതിസന്ധി പരിഹരിക്കാനാണ് ഈ നീക്കം. അവധി പ്രഖ്യാപിച്ചതോടെ ബാക്കി പ്രവൃത്തിദിവസങ്ങളിൽ സർക്കാർ ഓഫീസുകൾ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പ്രവർത്തിക്കും.
ഇന്ധന ഇറക്കുമതിയിലെ അനിശ്ചിതത്വം മറികടക്കാൻ പെട്രോൾ, ഡീസൽ വാഹനങ്ങൾ ഇലക്ട്രിക് ആക്കി മാറ്റുന്നതിനുള്ള നിയമപരമായ ചട്ടക്കൂട് തയ്യാറാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നത് ഭാവിയിലെ ഇന്ധനക്ഷാമം പരിഹരിക്കാനും പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഇറാൻ, ഇസ്രയേൽ, അമേരിക്ക എന്നിവർ ഉൾപ്പെട്ട സംഘർഷം ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ വ്യാപാരത്തെ ബാധിച്ചതാണ് നേപ്പാളിലെ ഇന്ധനലഭ്യതയെ സാരമായി ബാധിച്ചിരിക്കുന്നത്.
Also Read: ജമ്മു-ശ്രീനഗർ ദേശീയ പാത അടച്ചു; വിമാന സർവീസുകൾ റദ്ദാക്കി, മഞ്ഞുവീഴ്ചയിൽ കുടുങ്ങി ഉത്തരേന്ത്യ
രാജ്യത്തെ ഇന്ധനവില നിലവിൽ റെക്കോർഡ് ഉയരത്തിലാണ്. സർക്കാർ ഉടമസ്ഥതയിലുള്ള നേപ്പാൾ ഓയിൽ കോർപ്പറേഷൻ ഏറ്റവും ഒടുവിൽ നടത്തിയ വില വർധനയോടെ കാഠ്മണ്ഡുവിൽ പെട്രോൾ വില ലിറ്ററിന് 202 നേപ്പാളി രൂപയായി ഉയർന്നു. ഡീസൽ, മണ്ണെണ്ണ എന്നിവയുടെ വില ലിറ്ററിന് 182 രൂപയിലെത്തി. കഴിഞ്ഞ 18 ദിവസത്തിനിടെ മൂന്ന് തവണയാണ് രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചത്. ഇക്കാലയളവിൽ മാത്രം പെട്രോളിന് 45 രൂപയും ഡീസലിന് 40 രൂപയുമാണ് വർധിച്ചത്. വിമാന ഇന്ധനവിലയിലും വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വില കുത്തനെ കൂട്ടിയിട്ടും നേപ്പാൾ ഓയിൽ കോർപ്പറേഷൻ വൻ സാമ്പത്തിക നഷ്ടത്തിലാണ് മുന്നോട്ട് പോകുന്നത്. പെട്രോളിനും ഡീസലിനും പുറമെ ഓരോ എൽപിജി സിലിണ്ടറിനും ഗണ്യമായ തുക കമ്പനി നഷ്ടം സഹിക്കുന്നുണ്ടെന്ന് എൻഒസി അധികൃതർ വ്യക്തമാക്കി. രണ്ടാഴ്ച കൂടുമ്പോൾ ഏകദേശം 11.71 ബില്യൺ രൂപയുടെ നഷ്ടമാണ് കമ്പനി കണക്കാക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരത തുടരുകയാണെങ്കിൽ ഇന്ധനവില ഇനിയും വർധിക്കാനാണ് സാധ്യതയെന്നാണ് സൂചന.
The post ഇന്ധന പ്രതിസന്ധി; നേപ്പാളിൽ ആഴ്ചയിൽ രണ്ട് ദിവസം അവധി, പെട്രോൾ വില 200 കടന്നു appeared first on Express Kerala.




