
പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യത്ത് എൽ.പി.ജി. (ഓട്ടോ ഗ്യാസ്) ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ, ഓട്ടോറിക്ഷകൾ ഇന്ധനമായി പെട്രോളിനെ ആശ്രയിക്കണമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. ആഗോളതലത്തിൽ എൽ.പി.ജി. വിഭവങ്ങൾ പരിമിതമായതിനാലാണ് ഇത്തരമൊരു നിർദ്ദേശം മുന്നോട്ടുവെക്കുന്നതെന്നും പെട്രോൾ എപ്പോഴും ലഭ്യമായ ഇന്ധനമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ എൽ.പി.ജി. ആവശ്യകതയുടെ 40 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണെന്നും നിലവിലെ അന്താരാഷ്ട്ര സാഹചര്യങ്ങൾ വിതരണ ശൃംഖലയെ ബാധിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കർണാടകയിൽ ആകെ പ്രവർത്തിക്കുന്ന 372 ഓട്ടോ എൽ.പി.ജി. വിതരണ കേന്ദ്രങ്ങളിൽ 300 എണ്ണവും സ്വകാര്യ കമ്പനികളുടേതാണ്. ആഗോള വിപണിയിലെ വിലക്കയറ്റം മുൻനിർത്തി സ്വകാര്യ കമ്പനികൾ കിലോയ്ക്ക് 110 രൂപ വരെ വില വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള പമ്പുകളിൽ വില വർധിപ്പിച്ചിട്ടില്ലാത്തതിനാൽ കിലോയ്ക്ക് 89 രൂപയ്ക്കാണ് ഗ്യാസ് വിതരണം ചെയ്യുന്നത്. ഇതാണ് സർക്കാർ പമ്പുകളിൽ വൻ തിരക്കിന് കാരണമാകുന്നതെന്ന് പ്രഹ്ലാദ് ജോഷി വിശദീകരിച്ചു. കുറഞ്ഞ വിലയ്ക്ക് ഗ്യാസ് ലഭിക്കാൻ മണിക്കൂറുകളോളം വരി നിൽക്കേണ്ട ഗതികേടിലാണ് നിലവിൽ ഓട്ടോ ഡ്രൈവർമാർ.
Also Read:കേരളത്തിൽ ഇ-വാഹന കുതിപ്പ്; 219 അതിവേഗ ചാർജിങ് സ്റ്റേഷനുകൾക്ക് കേന്ദ്രാനുമതി
ഇന്ധനക്ഷാമം മൂലം ഓട്ടോ ഡ്രൈവർമാർ കടുത്ത പ്രതിസന്ധി നേരിടുമ്പോഴാണ് മന്ത്രിയുടെ ഈ പ്രസ്താവന വന്നിരിക്കുന്നത്. നഗരങ്ങളിലെ ഭൂരിഭാഗം എൽ.പി.ജി. പമ്പുകളും അടഞ്ഞുകിടക്കുകയാണ്. തുറന്ന പമ്പുകളിൽ കിലോമീറ്ററുകളോളം നീളുന്ന വാഹനങ്ങളുടെ നിരയാണ് കാണുന്നത്. ഗ്യാസ് നിറയ്ക്കാൻ മണിക്കൂറുകൾ മാറ്റിവെക്കേണ്ടി വരുന്നത് തങ്ങളുടെ വരുമാനത്തെ സാരമായി ബാധിക്കുന്നുവെന്ന് ഡ്രൈവർമാർ പരാതിപ്പെടുന്നു. ഇതിനിടയിൽ ഇന്ധനം മാറ്റണമെന്ന മന്ത്രിയുടെ നിർദ്ദേശം ഡ്രൈവർമാർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
അതേസമയം, പാചകവാതക വില വർധനയ്‌ക്കെതിരെ ബെംഗളൂരുവിലെ കെംപെഗൗഡ ബസ് സ്റ്റാൻഡിൽ പ്രതിഷേധം ശക്തമായി. കന്നഡ ചാലവാലി വാട്ടാൾ പാർട്ടിയധ്യക്ഷൻ വാട്ടാൾ നാഗരാജിന്റെ നേതൃത്വത്തിൽ കാളവണ്ടിയിൽ സിലിണ്ടറുകൾ കയറ്റിയാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇന്ധന വിതരണത്തിലെ അനിശ്ചിതത്വം വരും ദിവസങ്ങളിൽ കൂടുതൽ വെല്ലുവിളിയാകുമെന്നാണ് സൂചന.
The post എൽ.പി.ജി. ക്ഷാമം രൂക്ഷം; ഓട്ടോറിക്ഷകൾ പെട്രോളിലേക്ക് മാറണമെന്ന് കേന്ദ്രമന്ത്രി appeared first on Express Kerala.




