
ബസിൽ വെച്ച് 14 വയസ്സുകാരിയെ ശല്യം ചെയ്ത കേസിൽ 54-കാരനായ ബന്ധുവിന് 11 വർഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം തിരുവാലി കൊളക്കാട്ടിരി സ്വദേശിയെയാണ് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി കെ.എസ്. വരുൺ ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ എട്ട് മാസം അധിക കഠിനതടവ് കൂടി അനുഭവിക്കണം. പിഴയായി ലഭിക്കുന്ന തുക അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. വിധിക്ക് പിന്നാലെ പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
2023 ഡിസംബറിൽ കുടുംബാംഗങ്ങൾക്കൊപ്പം നടത്തിയ ഉല്ലാസയാത്രയ്ക്കിടെയാണ് പെൺകുട്ടിക്ക് നേരെ അതിക്രമം ഉണ്ടായത്. സംഭവത്തിൽ എടവണ്ണ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സബ് ഇൻസ്‌പെക്ടറായിരുന്ന വി. വിജയരാജൻ അന്വേഷണം നടത്തി സമർപ്പിച്ച കുറ്റപത്രത്തിന്മേൽ 22 സാക്ഷികളെ വിസ്തരിക്കുകയും 26 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ.എൻ. മനോജ് ഹാജരായി. കേസിൽ ശാസ്ത്രീയമായ തെളിവുകളും സാക്ഷിമൊഴികളും പ്രതിക്കെതിരായ ശിക്ഷ ഉറപ്പാക്കുന്നതിൽ നിർണ്ണായകമായി.
The post ബസിൽ 14-കാരിയെ ശല്യം ചെയ്ത കേസ്! 54-കാരന് 11 വർഷം കഠിനതടവും പിഴയും appeared first on Express Kerala.




