
ലൈംഗികാതിക്രമ കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന്റെ ഇടക്കാല ജാമ്യാപേക്ഷ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അനുമതി നൽകണമെന്നും വോട്ട് രേഖപ്പെടുത്തുക എന്നത് പൗരന്റെ അവകാശമാണെന്നും ചൂണ്ടിക്കാട്ടിയാണ് രഞ്ജിത്ത് ജാമ്യത്തിന് അപേക്ഷിച്ചത്. എന്നാൽ, ജയിലിൽ കഴിയുന്നവർക്ക് വോട്ട് ചെയ്യാൻ അവകാശമില്ലെന്ന നിയമവശം ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ഈ ആവശ്യത്തെ ശക്തമായി എതിർത്തു. രഞ്ജിത്തിനെ കസ്റ്റഡിയിൽ വേണമെന്ന പോലീസിന്റെ അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതി ജാമ്യം നിഷേധിച്ചത്.
പരാതിക്കാരിയായ നടിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് രഞ്ജിത്ത് ജാമ്യഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. നടിയുടെ അഭിനയം പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതിനാൽ താൻ വിമർശിച്ചിരുന്നെന്നും ചില രംഗങ്ങൾ വെട്ടിക്കുറച്ചിരുന്നെന്നും, ഇതിലുള്ള വിരോധമാണ് പരാതിക്ക് പിന്നിലെന്നും രഞ്ജിത്ത് വാദിച്ചു. ജനുവരിയിൽ നടന്ന സംഭവത്തിൽ മാർച്ച് മാസത്തിൽ മാത്രം പരാതി നൽകിയത് ചിലരുടെ നിർദ്ദേശപ്രകാരമാണെന്നും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അഭിഭാഷകൻ മുഖേന അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാൽ ഈ വാദങ്ങൾ തള്ളിക്കൊണ്ടാണ് കോടതി ജാമ്യാപേക്ഷ നിരസിച്ചത്.
The post വോട്ട് ചെയ്യണമെന്ന രഞ്ജിത്തിന്റെ ആവശ്യം കോടതി തള്ളി; സംവിധായകന് ജാമ്യമില്ല, ജയിലിൽ തന്നെ തുടരണം appeared first on Express Kerala.




