PUDUKAD-NEWS-PUTHUKAD-NEWS

നിയമസഭ തിരഞ്ഞെടുപ്പ്; അഴിമതിയുടെ കാര്യത്തിൽ ഇരുമുന്നണികളും ഒറ്റക്കെട്ടെന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ

നിയമസഭ തിരഞ്ഞെടുപ്പ്; റോഡ് ഷോയുമായി എൻഡിഎ ; അഴിമതിയുടെ കാര്യത്തിൽ കേരളത്തിലെ ഇരുമുന്നണികളും ഒറ്റക്കെട്ടെന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ

ഇരിങ്ങാലക്കുട : അഴിമതിയുടെ കാര്യത്തിൽ കേരളത്തിൽ എൽഡിഎഫും യുഡിഎഫും ഒറ്റക്കെട്ടാണെന്ന് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ. മുന്നണികളെ മാറി മാറി തിരഞ്ഞെടുക്കുന്നത് കൊണ്ട് കേരളത്തിന് ഒരു ഗുണവുമില്ലെന്നും എൻഡിഎ ഇരിങ്ങാലക്കുട നിയോജക മണ്ഡലം സ്ഥാനാർഥി സന്തോഷ് ചെറാക്കുളത്തിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പട്ടണത്തിൽ നടത്തിയ റോഡ് ഷോയിൽ പങ്കെടുത്ത് കൊണ്ട് അവർ പറഞ്ഞു . വികസനം, തൊഴിൽ എന്നീ വിഷയങ്ങളിൽ കേരളത്തിന് സാധ്യതകളുണ്ട്. പക്ഷേ എന്താണ് സംഭവിക്കുന്നത്. മുന്നണികളുടെ നേതൃത്വത്തിൽ മാറി മാറിയുള്ള അഴിമതി ഭരണം മാത്രമാണ് നടക്കുന്നത്. ദേവഭൂമിയിൽ നിന്ന് വരെ സ്വർണ്ണം കവർന്നതായി കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി. ആശുപത്രികൾ, സ്‌കൂളുകൾ, റോഡുകൾ എന്നിവയ്ക്കായി കേന്ദ്രം നൽകുന്ന പണം കൃത്യമായി വിനിയോഗിക്കുന്ന കാര്യത്തിൽ എംഎൽഎ മാർക്ക് താൽപര്യമില്ല. മൂന്നാം മുന്നണിയായ എൻഡിഎ മാത്രമാണ് കേരളത്തിൻ്റെ പ്രതീക്ഷ. തിരഞ്ഞെടുപ്പ് ദിവസം പ്രഭാത ഭക്ഷണത്തിന് മുമ്പായി തന്നെ ബൂത്തുകളിൽ എത്തി വോട്ട് രേഖപ്പെടുത്തണമെന്നും ഇല്ലെങ്കിൽ വേറെ ആരെങ്കിലും വോട്ട് ചെയ്യുമെന്നും ബിജെപി നേതാവ് പറഞ്ഞു. ഇംഗ്ലീഷിൽ ആരംഭിച്ച പ്രസംഗം പ്രവർത്തകരുടെ അഭ്യർഥന പ്രകാരം തമിഴിലാണ് പൂർത്തിയാക്കിയത്. സ്ഥാനാർഥി സന്തോഷ് ചെറാക്കുളം, മണ്ഡലം നേതാക്കൾ എന്നിവർ റോഡ് ഷോയിൽ ഒപ്പം ഉണ്ടായിരുന്നു. ഠാണാവിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച റോഡ് ഷോ ബസ് സ്റ്റാൻ്റ് പരിസരത്താണ് സമാപിച്ചത്.

Spread the love
See also  തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top