യുപിഐ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഇടപാടുകളില്‍ തട്ടിപ്പുകള്‍ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍, സുരക്ഷ ശക്തമാക്കാൻ അഞ്ച് നിർദ്ദേശങ്ങളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.
ഉപയോക്താക്കളുടെ സൗകര്യം കുറയ്ക്കാതെ തന്നെ തട്ടിപ്പുകാർക്ക് കടിഞ്ഞാണിടുകയാണ് പുതിയ ചർച്ചാ പ്രബന്ധത്തിലൂടെ ആർബിഐ ലക്ഷ്യമിടുന്നത്. ഈ നിർദ്ദേശങ്ങളില്‍ മെയ് 8 വരെ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം.
ആർബിഐ മുന്നോട്ടുവെക്കുന്ന അഞ്ച് പ്രധാന നിർദ്ദേശങ്ങള്‍ ഇവയാണ്
വലിയ ഇടപാടുകള്‍ക്ക് ‘കൂളിംഗ്-ഓഫ്’ കാലയളവ്: 10,000 രൂപയ്ക്ക് മുകളിലുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഒരു മണിക്കൂർ കാലതാമസം ഏർപ്പെടുത്താൻ ആർബിഐ ആലോചിക്കുന്നു. പണം അയച്ചയാളുടെ അക്കൗണ്ടില്‍ നിന്ന് കുറയുമെങ്കിലും ഗുണഭോക്താവിന്റെ അക്കൗണ്ടില്‍ ക്രെഡിറ്റ് ആകാൻ ഒരു മണിക്കൂർ എടുക്കും. തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടാല്‍ ഇടപാട് റദ്ദാക്കാൻ ഇത് ഉപയോക്താവിന് സമയം നല്‍കും.
മുതിർന്ന പൗരന്മാർക്കായി ‘വിശ്വസ്ത വ്യക്തി’ പരിശോധന: 70 വയസ്സിന് മുകളിലുള്ളവരും ഭിന്നശേഷിക്കാരും തട്ടിപ്പുകള്‍ക്ക് ഇരയാകാൻ സാധ്യത കൂടുതലാണെന്ന് ആർബിഐ നിരീക്ഷിക്കുന്നു. അതിനാല്‍, ഇവർ നടത്തുന്ന 50,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് വീട്ടിലെ ഒരംഗത്തിന്റെയോ അല്ലെങ്കില്‍ വിശ്വസ്തനായ മറ്റൊരു വ്യക്തിയുടെയോ അനുമതി കൂടി നിർബന്ധമാക്കിയേക്കാം.
അടിയന്തര ‘കില്‍ സ്വിച്ച്’: തട്ടിപ്പ് നടന്നെന്ന് ബോധ്യപ്പെട്ടാല്‍ ഉടൻ തന്നെ എല്ലാ ഡിജിറ്റല്‍ പേയ്‌മെന്റ് സേവനങ്ങളും (UPI, നെറ്റ് ബാങ്കിംഗ് തുടങ്ങിയവ) ഒറ്റ ക്ലിക്കില്‍ നിർത്തിവെക്കാൻ സഹായിക്കുന്ന ‘കില്‍ സ്വിച്ച്’ സൗകര്യം ബാങ്കുകള്‍ നല്‍കണം. ഇത് പിന്നീട് പുനഃസ്ഥാപിക്കാൻ കർശനമായ പരിശോധനകളുണ്ടാകും.
സാമ്പത്തിക പ്രൊഫൈല്‍ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണം: ഉപയോക്താവിന്റെ കെവൈസി (KYC) രേഖകളും വരുമാനവും പരിശോധിച്ച ശേഷം അക്കൗണ്ടിലേക്ക് വരാവുന്ന പണത്തിന് പരിധി നിശ്ചയിക്കും. കൃത്യമായ പരിശോധനകള്‍ നടക്കാത്ത അക്കൗണ്ടുകളില്‍ വർഷം 25 ലക്ഷം രൂപയില്‍ കൂടുതല്‍ വരുന്നത് തടയുകയും സംശയാസ്പദമായ തുകകള്‍ ‘ഷാഡോ മോഡില്‍’ (താല്‍ക്കാലികമായി തടഞ്ഞുവെക്കുക) നിർത്തുകയും ചെയ്യും.
എഐ അധിഷ്ഠിത തത്സമയ നിരീക്ഷണം: തട്ടിപ്പുകള്‍ മുൻകൂട്ടി കണ്ടെത്താൻ ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് (AI) ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഇടപാടുകള്‍ തത്സമയം നിരീക്ഷിക്കാൻ ബാങ്കുകള്‍ക്കും പേയ്‌മെന്റ് കമ്പനികള്‍ക്കും ആർബിഐ നിർദ്ദേശം നല്‍കും.
ഡിജിറ്റല്‍ ഇടപാടുകള്‍ വേഗത്തിലാക്കുക എന്നതിനൊപ്പം തന്നെ അവ സുരക്ഷിതമാണെന്ന് ഉറപ്പാക്കുകയുമാണ് ആർബിഐയുടെ ലക്ഷ്യം. ഉയർന്ന അപകടസാധ്യതയുള്ള ഇടപാടുകളില്‍ മാത്രം അധിക സുരക്ഷാ പാളികള്‍ കൊണ്ടുവരുന്നത് സാധാരണ ഉപയോക്താക്കള്‍ക്ക് തടസ്സമാകില്ലെന്നും കേന്ദ്ര ബാങ്ക് വ്യക്തമാക്കുന്നു.

