ആളൂർ : വെള്ളിക്കുളങ്ങര വാസുപുരം, ആളൂർ മാനാട്ടുകുന്ന് ഭാഗങ്ങളിലെ ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ സംഭവത്തിൽ നിയമവുമായി പൊരുത്തപ്പെടാത്ത 15 വയസുകാരനെ തൃശ്ശൂർ റൂറൽ പോലീസ് പിടികൂടി. കഴിഞ്ഞ മാർച്ച് ഏഴിന് പകൽ 11-നും 12-നും ഇടയിലാണ് ആളൂർ മാനാട്ടുകുന്നിലുള്ള ഹനുമാൻ നവഗ്രഹ ക്ഷേത്രത്തിൽ ആദ്യ മോഷണം നടന്നത്.
ശ്രീകോവിലിനുള്ളിൽ സൂക്ഷിച്ചിരുന്ന ഒന്നേമുക്കാൽ പവൻ തൂക്കം വരുന്ന രണ്ട് സ്വർണ്ണ മണിമാലകളും കൗണ്ടറിൽ നിന്ന് 2500 രൂപയുമാണ് അന്ന് മോഷ്ടിക്കപ്പെട്ടത്. തുടർന്ന് ഏപ്രിൽ പത്തിന് വെള്ളിക്കുളങ്ങര വാസുപുരം ശ്രീ മഹാവിഷ്ണു ശിവക്ഷേത്രത്തിലും സമാനമായ രീതിയിൽ മോഷണം നടന്നു. ചുറ്റമ്പലത്തിന്റെ ഓട് പൊളിച്ച് അകത്തുകടന്ന പ്രതി, താക്കോൽ ഉപയോഗിച്ച് ശ്രീകോവിൽ തുറന്ന് വിഗ്രഹത്തിൽ ചാർത്തിയിരുന്ന നാല് ഗ്രാം സ്വർണ്ണ മാലയും പത്ത് ഗ്രാം വെള്ളിമാലയും അപഹരിക്കുകയായിരുന്നു. ഏകദേശം 53,000 രൂപയോളം വിലവരുന്ന ആഭരണങ്ങളാണ് ഇവിടെ നിന്നും നഷ്ടപ്പെട്ടത്.
തുടർന്ന് തൃശ്ശൂർ റൂറൽ പോലീസ് നടത്തിയ ശാസ്ത്രിയമായ അന്വേഷണത്തിനൊടുവിലാണ് നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടിയാണ് മോഷണം നടത്തിയത് എന്ന് കണ്ടെത്തിയത്. കുട്ടിയെ തൃശ്ശൂർ തിരൂരിൽ നിന്നാണ് പിടികൂടിയത്. കുട്ടിയെ അപ്രഹന്റ് ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം ബാലനീതി നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കും. ഈ കേസ്സുകളിൽ കൂടുതൽ അന്വേഷണം നടന്ന് വരികയാണ്.
ഇരിങ്ങാലക്കുട ഡി വൈ എസ് പി എം സന്തോഷ് കുമാർ, ആളൂർ പോലീസ് സ്റ്റേഷൻ എസ് ഐ മനു, ജി എസ് ഐ ജയകൃഷ്ണൻ, ജി എ എസ് ഐ മാരായ ഇ എസ് ജീവൻ, ഷിജോ തോമസ്, ജി എസ് സി പി ഒ കൃഷ്ണദാസ്, സനില എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


