രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്നറിയാം. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങള്‍ മാത്രം അവശേഷിക്കവെ മുന്നണികളും രാഷ്ട്രീയ പാർട്ടികളും നടത്തുന്ന കണക്കുകൂട്ടലുകള്‍ക്കും കരുനീക്കങ്ങള്‍ക്കും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ആക്കംകൂട്ടും.വരാനിരിക്കുന്ന ദിവസങ്ങളിലെ രാഷ്ട്രീയചർച്ചകള്‍ക്കും ഈ ഫലങ്ങള്‍ തന്നെയാകും പ്രധാന ആധാരം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ഏപ്രില്‍ 29-നായിരുന്നു എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നത്. ദേശീയ മാധ്യമങ്ങളും വിവിധ ഏജൻസികളും അന്ന് എല്‍ഡിഎഫിന് തുടർഭരണം പ്രവചിച്ചിരുന്നു. പിന്നീട് വോട്ടെണ്ണല്‍ ഫലം വന്നപ്പോള്‍ ആ പ്രവചനങ്ങള്‍ ശരിവെക്കപ്പെട്ടിരുന്നു. സാധാരണ സർവേകളേക്കാള്‍ എക്സിറ്റ് പോളുകള്‍ക്ക് കൂടുതല്‍ വിശ്വാസ്യത ഉണ്ടെന്ന ധാരണ നിലനില്‍ക്കുന്നതിനാല്‍, ഇന്നത്തെ ഫലങ്ങള്‍ രാഷ്ട്രീയ പാർട്ടികള്‍ ഏറെ ആവേശത്തോടെയും ഉത്കണ്ഠയോടെയും കാത്തിരിക്കുകയാണ്.
2021ലെ 11 എക്സിറ്റ് പോള്‍ ഫലങ്ങളില്‍ ആറും എല്‍ഡിഎഫിന് അനുകൂലമായിരുന്നു. 84-92, 104-120, 93-111, 72-79, 72-80, 71-77 എന്നിങ്ങനെയായിരുന്നു ആ പ്രവചനങ്ങള്‍. വോട്ടെണ്ണിയപ്പോള്‍ 99 സീറ്റുമായി എല്‍ഡിഎഫ് അധികാരം നിലനിർത്തി. 11ല്‍ ഒരു എക്സിറ്റ് പോളില്‍ മാത്രമാണ് യുഡിഎഫ് മുന്നിലെത്തിയത്. ബാക്കി നാലും പ്രവചിച്ചത് ഒപ്പത്തിനൊപ്പമുള്ള മത്സരവും അതില്‍ നേരിയ വിജയവുമായിരുന്നു. എൻഡിഎയെ സംബന്ധിച്ച കണക്കുകൂട്ടലുകള്‍ പക്ഷേ, മിക്കതിലും പിഴച്ചു. നാല് എക്സിറ്റ് പോളുകള്‍ 0-2 സാധ്യത പ്രവചിച്ചത് ഒഴിച്ചാല്‍ എൻഡിഎക്ക് ഉറപ്പായും സീറ്റ് ലഭിക്കുമെന്ന സാധ്യതയാണ് മറ്റെല്ലാ എക്സിറ്റ് പോളുകളിലും ഉണ്ടായിരുന്നത്. ഒരു എക്സിറ്റ് പോള്‍ എൻഡിഎക്ക് 2 മുതല്‍ 7 വരെ സീറ്റ് പ്രവചിച്ചു. വോട്ടെണ്ണിയപ്പോള്‍ പക്ഷേ, 2016ല്‍ തുറന്ന അക്കൗണ്ട് ബിജെപിക്ക് പൂട്ടേണ്ടിവന്നു.
ഇത്തവണ വോട്ടെടുപ്പിനു മുൻപു പുറത്തുവന്ന സർവേഫലങ്ങള്‍ സമ്മിശ്രമായിരുന്നു; എല്‍ഡിഎഫിനും യുഡിഎഫിനും സാധ്യത കല്പിക്കപ്പെട്ടു. ചിലതില്‍ ഒപ്പത്തിനൊപ്പമുള്ള മത്സരവും പ്രവചിക്കപ്പെട്ടു. സർവേകള്‍ ആർക്കും വ്യക്തമായ സാധ്യത നല്‍കാത്ത ഈ സാഹചര്യവും എക്സിറ്റ് പോളുകളെ സംബന്ധിച്ച ആകാംക്ഷ വർധിപ്പിക്കുന്നു.
കേവലഭൂരിപക്ഷത്തിനു വേണ്ട സീറ്റുകളോടെ കടന്നുകൂടുമെന്ന പ്രതീക്ഷയില്‍ത്തന്നെയാണ് എല്‍ഡിഎഫ്. ഭേദപ്പെട്ട വിജയം തൊട്ടടുത്തെത്തിയെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. ഏതാനും സീറ്റുകളില്‍ ജയിച്ചുവരാൻ കഴിയുമെന്ന് ബിജെപിയും വിശ്വസിക്കുന്നു. മൂന്നു കൂട്ടരും പങ്കുവയ്ക്കുന്ന കണക്കുകളെ എക്സിറ്റ് പോളുകള്‍ സാധൂകരിക്കുമോ നിരാകരിക്കുമോ എന്ന് ഇന്നറിയാം.


