എം.എല്‍.എയുടെ ഫേസ് ബുക്ക് പോസ്റ്റ് വഴിമരുന്നിട്ടു, മുണ്ടത്തിക്കോട് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായ മതിലകം തൃപ്പേക്കുളം സ്വദേശി ഹരിക്ക് ഇരുചക്രവാഹനം നല്‍കി പ്രവാസി വ്യവസായി.പ്രവാസിയായ അന്തിക്കാട് സ്വദേശി വസിഷ്ഠനാണ് ഹരിക്ക് ടൂവീലർ സമ്മാനമായി നല്‍കിയത്.
വെടിക്കെട്ട് സാമഗ്രികള്‍ ഉണ്ടാക്കുന്ന ജോലികള്‍ക്ക് സഹായിയായി പോകാറുള്ളയാളാണ് ഹരി. പരിക്കേറ്റ് ഐ.സി.യുവില്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സന്ദർശിച്ചപ്പോഴുള്ള അനുഭവങ്ങള്‍ ഇ.ടി.ടൈസണ്‍ മാസ്റ്റർ എം.എല്‍.എയാണ് സാമൂഹിക മാദ്ധ്യമത്തില്‍ കുറിച്ചത്.
അപകടത്തില്‍പ്പെട്ട കരാറുകാരൻ സതീശന് തീയേല്‍ക്കുന്നത് കണ്ട ഹരി സാഹസികമായി തീ അണയ്ക്കുകയും അയാളെ രക്ഷിക്കാൻ മുൻകൈയെടുക്കുകയും ചെയ്തിരുന്നു. ഈ സമയം സമ്പാദ്യമായ ബൈക്ക് കത്തി അമരുന്നത് നോക്കി നില്‍ക്കാനേയായുള്ളൂ. കാലില്‍ കമ്പി തുളഞ്ഞ് കേറുകയും പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. സതീശന്റെ മാലയും ഫോണും രതീഷിന്റെ കൈയില്‍ ഏല്‍പ്പിച്ചതും വാർത്തയായിരുന്നു. രോഗാവസ്ഥയിലുള്ള മാതാവും ഭിന്നശേഷിയായ മകനുമുള്ള ഹരിയുടെ കുടുംബസാഹചര്യം മോശമാണ്. ചടങ്ങില്‍ എം.എല്‍.എ ഹരിക്ക് വാഹനം കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് സുമതി സുന്ദരൻ അദ്ധ്യക്ഷത വഹിച്ചു. എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ.കൈലാസൻ, മതിലകം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ ഹസീന റഷീദ്, പി.എം.ആല്‍ഫ തുടങ്ങിയവർ പങ്കെടുത്തു.


