കൊടുങ്ങല്ലൂർ: കാറ്ററിങ്ങ് ബിസിനസിന്റെ മറവിൽ ലഹരി വിൽപ്പന നടത്തിവന്ന രണ്ട് പേരെ കൊടുങ്ങല്ലൂർ പോലീസും തൃശ്ശൂർ റൂറൽ ഡാൻസാഫ് (DANSAF) സംഘവും ചേർന്ന് പിടികൂടി. എറിയാട് അബ്ദുള്ള റോഡ് സ്വദേശികളായ വലിയകത്ത് വീട്ടിൽ ഫൈസൽ (33), മുനക്കൽ വീട്ടിൽ കുഞ്ഞു തസ്‌ലീം (30) എന്നിവരാണ് അറസ്റ്റിലായത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
ബുധനാഴ്ച (20.05.2026) രാത്രി 7.15-ഓടെ എറിയാട് അബ്ദുള്ള റോഡിന് സമീപത്തുനിന്നാണ് ചുവന്ന സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന MDMA-യും ലഹരി വിൽപ്പനയിലൂടെ ലഭിച്ച 25,200 രൂപയും സഹിതം പ്രതികളെ പിടികൂടിയത്. പ്രതികൾ MDMA കടത്താൻ ഉപയോഗിച്ച കാർ കസ്റ്റഡിയിലെടുത്തു. തുടർന്ന് ഫൈസലിന്റെ വീട്ടിലും പോലീസ് വിശദമായ പരിശോധന നടത്തി. കാറ്ററിങ്ങ് ജോലിയുടെ മറവിൽ കൊടുങ്ങല്ലൂർ നഗരത്തിലെ കടകളിലെ ജീവനക്കാർക്കും സ്വകാര്യ ബസ് ജീവനക്കാർക്കും ലഹരിമരുന്ന് എത്തിച്ചുനൽകുന്നത് ഫൈസലിന്റെ പതിവായിരുന്നു.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി പ്രമോദ്, നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി അബ്ദുൾ സലാം, ഡാൻസാഫ് എസ്.ഐമാരായ ജയകൃഷ്ണൻ, സതീശൻ, മൂസ, ഷൈൻ, എ.എസ്.ഐമാരായ ലിജു ഇയ്യാനി, ബിനു, റെജി, ജീവൻ, എസ്.സി.പി.ഒമാരായ ബിജു, സോണി, സി.പി.ഒ സുർജിത് സാഗർ എന്നിവരും കൊടുങ്ങല്ലൂർ സ്റ്റേഷൻ എസ്.ഐമാരായ വിവേക്, ഫാസിൽ റഹ്മാൻ, പ്രൊബേഷൻ എസ്.ഐ അറാഫത്ത്, എ.എസ്.ഐ രാജീവ്, സി.പി.ഒമാരായ ഷെരീഫ്, ജിഷ ജോയ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.



