വിയ്യൂർ ജയിൽ പെട്രോൾ പമ്പിന് സമീപമാണ് അപകടം. പരിക്കേറ്റ തിരൂർ സ്വദേശി ചെറുവത്തൂർ വീട്ടിൽ ബെന്നിയെ(55) തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവം.
നിറയെ ഹോളോബ്രിക്സുമായി സഞ്ചരിച്ചിരുന്ന ലോറി വിയ്യൂരിരിലെത്തിയപ്പോൾ ആക്സിൽ ഒടിഞ്ഞു തകരാറിലായി. തുടർന്ന് വർക്ക് ഷോപ്പ് ജീവനക്കാരനുമായി സ്ഥലത്ത് എത്തിയ ശേഷം റിപ്പയർ ചെയ്യുന്നതിനിടെ ലോറിയുടെ പുറകുവശം റോഡിലേക്ക് പതിക്കുകയും വാഹനത്തിനിടയിൽ ബെന്നിയുടെ കാൽ കുടുങ്ങുകയും ആയിരുന്നു .
അരമണിക്കൂറോളം വാഹനത്തിനടിയിൽ കുടുങ്ങിയ ബെന്നിയെ ഓടികൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തി ആശുപത്രിയിലേക്ക് മാറ്റിയത്. കാലിന് ഗുരുതര പരിക്കേറ്റ ബെന്നി ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.



