PUDUKAD-NEWS-PUTHUKAD-NEWS

വടക്കുന്നാഥ ക്ഷേത്രത്തിൽ ദർശനത്തിനിടെ മോഷണം: വയോധിക പിടിയിൽ.

തൃശൂർ : വടക്കുന്നാഥ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഭക്തയുടെ ബാഗിൽ നിന്നും മൂന്നരപ്പവൻ സ്വർണ്ണവും ഇരുപതിനായിരം രൂപയും മോഷ്ടിച്ച സംഭവത്തിൽ 73 വയസ്സുകാരി പോലീസിന്റെ പിടിയിലായി. തൃശൂർ മുണ്ടൂർ സ്വദേശിനിയായ സുകുമാരി ആണ് തൃശൂർ ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം തീർത്ഥം വാങ്ങാൻ നിന്ന ഭക്തയുടെയും അമ്മയുടെയും പിന്നിലെത്തിയാണ് പ്രതി വളരെ തന്ത്രപരമായി ബാഗ് കവർന്നത്.
പുറകിൽ ആരോ തട്ടിയത് പോലെ തോന്നിയ അമ്മ ഉടൻ തന്നെ പരിശോധിച്ചപ്പോഴാണ് വെറും മുപ്പത് സെക്കൻഡുകൾക്കുള്ളിൽ മോഷണം നടന്ന വിവരം ഇവർ അറിയുന്നത്. വീട്ടിൽ വെക്കാൻ ഭയമുള്ളത് കൊണ്ട് സുരക്ഷയ്ക്കായി കയ്യിൽ കരുതിയ സ്വർണ്ണവും പണവുമാണ് നഷ്ടപ്പെട്ടത്.

പരാതി ലഭിച്ചയുടനെ ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഈ ദൃശ്യങ്ങളിൽ നിന്നും ഒരു വയോധികയാണ് മോഷണം നടത്തിയതെന്ന് തിരിച്ചറിഞ്ഞ പോലീസ്, നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിലാണ് സുകുമാരിയെ കണ്ടെത്തിയത്. തുടർന്ന് ഇവരെ കസ്റ്റഡിയിലെടുത്ത് മുണ്ടൂരിലെ വാടകവീട്ടിൽ എത്തി പരിശോധന നടത്തിയപ്പോൾ അവിടെ നിന്നും 13 പേഴ്സുകൾ പോലീസ് കണ്ടെടുത്തു. തൃശൂർ ഈസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ഹരീഷ്, ദീപക്, സൂരജ്, അജ്മൽ, ധനേഷ് എന്നിവരടങ്ങിയ സംഘമാണ് മികച്ച അന്വേഷണത്തിലൂടെ പ്രതിയെ പിടികൂടിയത്.
പ്രതിയായ വയോധികയുടെ പശ്ചാത്തലം പരിശോധിച്ച പോലീസ് സംഘത്തിന് കൂടുതൽ അമ്പരപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. മാസം 7000 രൂപ വാടകയുള്ള വീട്ടിലാണ് ഇവർ താമസിക്കുന്നത്. പിടിയിലാകുമ്പോൾ ഇവരുടെ കഴുത്തിൽ 7 പവന്റെ സ്വർണ്ണമാലയും ഉണ്ടായിരുന്നു. എന്നാൽ വിധവാ പെൻഷൻ മാത്രമാണ് ഇവരുടെ ഏക വരുമാന മാർഗമെന്നാണ് പൊലിസിനോട് പറഞ്ഞിട്ടുളളത്.

Spread the love
See also  ആംബുലൻസിൽ ലഹരിക്കടത്ത്; പ്രതികൾ പിടിയിൽ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top