PUDUKAD-NEWS-PUTHUKAD-NEWS

മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവത്ക്കരണ ദിനാചരണം നടത്തി.

തൃശൂര്‍ : സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ‘മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവത്കരണ ദിനാചരണം’ സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ജില്ലാതല പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വയോജനങ്ങള്‍ സമൂഹത്തില്‍ ഏറ്റവും അന്തസ്സോടെയും ആരോഗ്യത്തോടെയും ജീവിക്കേണ്ടവരാണെന്നും അവര്‍ നല്‍കിയ സംഭാവനകള്‍ പുതുതലമുറ ഒരിക്കലും വിസ്മരിക്കരുതെന്നും മേരി തോമസ് പറഞ്ഞു.
ഐക്യരാഷ്ട്ര സഭയുടെയും ലോകാരോഗ്യ സംഘടനയുടെയും ആഹ്വാനപ്രകാരം മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവത്കരണ സന്ദേശം പൊതുജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
തൃശൂര്‍ ജവഹര്‍ ബാലഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന വയോജന കൗണ്‍സില്‍ അംഗം പി.പി. ബാലന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ.ആര്‍ പ്രദീപന്‍ വയോജന സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സാമൂഹ്യനീതി വകുപ്പിലെ ഉദ്യോഗസ്ഥരായ സിനോ സേവി, മാര്‍ഷല്‍ സി. രാധാകൃഷ്ണന്‍, ബിനി സെബാസ്റ്റ്യന്‍ എന്നിവര്‍ വിവിധ വയോജന ക്ഷേമ-നിയമ പദ്ധതികളെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസുകള്‍ നയിച്ചു.
മുതിര്‍ന്നവരും വിദ്യാര്‍ത്ഥികളും പങ്കെടുത്ത ചര്‍ച്ചകള്‍, വിവിധ കോളേജ് വിദ്യാര്‍ത്ഥികളുടെ സ്‌കിറ്റുകള്‍, രാമവര്‍മ്മപുരം സര്‍ക്കാര്‍ വൃദ്ധമന്ദിരത്തിലെ താമസക്കാര്‍ അവതരിപ്പിച്ച ‘ഉദിക്കുന്ന അസ്തമയങ്ങള്‍’ നാടകം എന്നിവ അരങ്ങേറി. വീഡിയോ-റീല്‍സ് മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.
ചടങ്ങില്‍ ജില്ലാ വയോജന കൗണ്‍സില്‍ ജില്ലാ കമ്മിറ്റി അംഗങ്ങളായ ഉണ്ണികൃഷ്ണന്‍ കാനാട്ട്, കെ.പി റപ്പായി, കെ.കെ. സഫിയ, സാമൂഹ്യസുരക്ഷാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.പി. സജീവ്, ഓര്‍ഫനേജ് കൗണ്‍സിലര്‍ ദിവ്യ അബീഷ്, സോഷ്യല്‍വര്‍ക്കര്‍ പ്രസി ദിനേശ് എന്നിവര്‍ സംസാരിച്ചു.
ജില്ലയിലെ വിവിധ വയോജന ക്ഷേമ സംഘടനയിലെ അംഗങ്ങള്‍, സെന്റ്‌തോമസ് കോളേജ്, സെന്റ് മേരീസ് കോളേജ്, വിമല കോളേജ്, പാറമേക്കാവ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍, എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍, ഉദ്യോഗസ്ഥര്‍, അദ്ധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Spread the love
See also  കെ.എസ്.ആർ.ടി.സി.യുടെ “പ്രിയദർശനി”ക്ക് മാപ്രാണം സെൻ്ററിൽ സ്വീകരണം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top