കേരളത്തില്‍ നാളെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തെക്കൻ ഗുജറാത്ത് തീരം മുതല്‍ കർണാടക തീരം വരെ സമുദ്രനിരപ്പില്‍ തീരദേശ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്.ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മർദ്ദം രൂപപ്പെട്ടു. വടക്കു പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേർന്നുള്ള വടക്കൻ ഒഡീഷ തീരത്തിനും മുകളിലുള്ള ചക്രവാത ചുഴി സ്വാധീനത്താല്‍, വടക്കു പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേർന്നുള്ള വടക്കൻ ഒഡീഷ – പശ്ചിമ ബംഗാള്‍ തീരങ്ങള്‍ക്കു മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. സീസണിലെ ആദ്യ ന്യൂനമർദ്ദമാണ് ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ -പശ്ചിമ ബംഗാള്‍ തീരത്ത് രൂപപ്പെട്ടത്
അടുത്ത 2-3 ദിവസങ്ങള്‍ക്കുള്ളില്‍ ഇത് കൂടുതല്‍ ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. ഇന്ന് മുതല്‍ ജൂലൈ ആറ് വരെ കേരളത്തിലും മാഹിയിലും നേരിയ/ഇടത്തരം മഴയ്ക്കാണ് സാധ്യത. നാളെ കേരളത്തില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ജൂലൈ രണ്ട് മുതല്‍ ജൂലൈ ആറ് വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത. അതോടൊപ്പം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെ (ചിലപ്പോള്‍ പരമാവധി 60 കി.മീ വരെ) വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു.നാളെ കേരളത്തിലെ കണ്ണൂർ, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടുമുണ്ട്. അതേസമയം, ഗുജറാത്ത്, രാജസ്ഥാൻ ചില ഭാഗങ്ങള്‍ ഒഴികെ രാജ്യത്തിന്‍റെ ഭൂരിഭാഗം മേഖലയിലും കാലവർഷം വ്യാപിച്ചു ശക്തമായി തുടങ്ങിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദ്ദം രൂപെട്ടതോടെ വരും ദിവസങ്ങളില്‍ രാജ്യത്തു പല മേഖലയിലും കാലവർഷം ശക്തമാകാനാണ് സാധ്യത. കൊങ്കണ്‍ മഹാരാഷ്ട്ര ബെല്‍റ്റ് മധ്യ ഇന്ത്യ / വടക്ക് കിഴക്കൻ സംസ്ഥാനങ്ങള്‍ അതീവ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.



