കെഎസ്ആർസി സെൻ്ററുകളിൽ നടത്തിയ താത്കാലിക നിയമനങ്ങൾ മരവിപ്പിച്ചു; ഇരിങ്ങാലക്കുട കെഎസ്ആർടിസി സെൻ്ററിൽ നിന്നും അധികമായി ആരംഭിച്ച നാല് പ്രിയദർശിനി സർവീസുകൾ മുടങ്ങി
ഇരിങ്ങാലക്കുട : ഡ്രൈവർ – കണ്ടക്ടർ തസ്‌തികയിൽ നടത്തിയ താത്കാലിക നിയമനങ്ങൾ മരവിപ്പിച്ചത് തിരിച്ചടിയായത് കെഎസ്ആർടിസി യുടെ പ്രിയദർശിനി സർവീസുകൾക്ക്. ജീവനക്കാരുടെ കുറവുള്ള കെഎസ്ആർടിസി ഡിപ്പോകളിലും ഓപ്പറേറ്റിംഗ് സെൻ്ററുകളിലുമാണ് എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ നിന്നും താത്കാലിക ജീവനക്കാരെ കഴിഞ്ഞ ആഴ്ച നിയമിച്ചത്. ഇത് അനുസരിച്ച് മാളയിലും ഇരിങ്ങാലക്കുടയിലും 8 പേർ വീതവും ചാലക്കുടിയിൽ 12 ഉം ഗുരുവായൂരിൽ 10 പേരുമാണ് കൂടുതലായി ജോലിക്കെത്തിയത്. വണ്ടികൾ ഉണ്ടെങ്കിലും ജീവനക്കാരുടെ കുറവ് നേരിട്ടിരുന്ന സെൻ്ററുകൾക്ക് നടപടി ആശ്വാസവുമായി. ഇരിങ്ങാലക്കുട സെൻ്ററിൽ കൂടുതൽ ജീവനക്കാരെ വച്ച് സ്ത്രീകൾക്ക് യാത്ര സൗജന്യം നൽകുന്ന എട്ട് സർവീസുകൾ വരെ നിരത്തിൽ ഇറക്കാൻ കഴിയുകയും ചെയ്തു. എന്നാൽ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വഴി നേരത്തെ തയ്യാറാക്കിയിട്ടുള്ള ലിസ്റ്റിൽ ന്യൂനതകൾ ഉണ്ടെന്നും ഇവ പരിഹരിച്ച് മാത്രം താത്കാലിക നിയമനങ്ങൾ നടത്തിയാൽ മതിയെന്നും കെഎസ്ആർസി മാനേജ്മെൻ്റിൽ നിന്നും വാക്കാൽ നിർദ്ദേശം വന്നതോടെ അധികമായി ആരംഭിച്ച നാല് സർവീസുകളാണെയാണ് ബാധിച്ചിരിക്കുന്നത്. എറണാകുളം , ഗുരുവായൂർ , ഗ്രാമവണ്ടി, മെഡിക്കൽ കോളേജ് എന്നീ പ്രിയദർശിനി സർവീസുകളാണ് ഇപ്പോൾ ഇരിങ്ങാലക്കുട സെൻ്ററിൽ നിന്നും നടത്തുന്നത്. കൂടുതൽ ജീവനക്കാരെ ലഭിച്ചതോടെ അധികമായി ആരംഭിച്ച എറണാകുളം , ഗുരുവായൂർ , ആലുവ, ചോറ്റാനിക്കര പ്രിയദർശിനി സർവീസുകൾ മുടങ്ങിക്കഴിഞ്ഞു. താത്കാലിക ജീവനക്കാരിൽ നിന്നും ഡെപ്പോസിറ്റായി പതിനായിരം രൂപ വച്ച് കെഎസ്ആർടിസി കൈപ്പറ്റുകയും ചെയ്തിരുന്നു. രണ്ട് ദിവസം മാത്രമാണ് ഇവർക്ക് ജോലി ചെയ്യാൻ സാധിച്ചത്. എന്നാൽ ആരെയും ഒഴിവാക്കിയിട്ടില്ലെന്നും ഭരണപരമായ പ്രശ്നം മാത്രമാണെന്നും ഇവ പരിഹരിച്ച് ജീവനക്കാരെ തിരിച്ചെടുക്കുമെന്നും കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കുന്നുണ്ട്



