PUDUKAD-NEWS-PUTHUKAD-NEWS

നാലമ്പല തീർത്ഥാടനം: വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാൻ സജ്ജമായി റൂറൽ ജില്ലാ പൊലീസ്

ഇരിങ്ങാലക്കുട : കർക്കിടക മാസത്തോടനുബന്ധിച്ചുള്ള നാലമ്പല തീർത്ഥാടനത്തിന് സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് മുന്നോടിയായി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ റൂറൽ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീമിന്റെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നു.

കാട്ടുങ്ങച്ചിറയിലുള്ള റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്തായിരുന്നു യോഗം. 

ജൂലൈ 17 (കർക്കിടകം 1) വെള്ളിയാഴ്ച മുതൽ ഓഗസ്റ്റ് 16 ഞായറാഴ്ച വരെയാണ് ഈ വർഷത്തെ നാലമ്പല ദർശനം. വിവിധ ജില്ലകളിൽ നിന്നായി ലക്ഷക്കണക്കിന് ഭക്തർ എത്തുന്ന സാഹചര്യത്തിൽ, തിരക്ക് നിയന്ത്രിക്കുന്നതിനും സുഗമമായ ദർശനം ഉറപ്പാക്കുന്നതിനും വിപുലമായ ക്രമീകരണങ്ങളാണ് പൊലീസ് ആസൂത്രണം ചെയ്യുന്നത്. 

തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ തുടങ്ങി ഇരിങ്ങാലക്കുട കൂടൽമാണിക്യം (ഭരതൻ), മൂഴിക്കുളം ലക്ഷ്മണപെരുമാൾ, പായമ്മൽ ശത്രുഘ്ന ക്ഷേത്രം വഴി വീണ്ടും തൃപ്രയാറിൽ തന്നെ സമാപിക്കുന്നതാണ് പരമ്പരാഗത നാലമ്പല തീർത്ഥാടനം. ഇതിൽ മൂന്ന് പ്രധാന ക്ഷേത്രങ്ങളും തൃശൂർ റൂറൽ പൊലീസിന്റെ പരിധിയിലാണ് വരുന്നത്. തൃപ്രയാർ ക്ഷേത്രം വലപ്പാട് സ്റ്റേഷൻ പരിധിയിലും, കൂടൽമാണിക്യം ഇരിങ്ങാലക്കുട സ്റ്റേഷൻ പരിധിയിലും, പായമ്മൽ ക്ഷേത്രം കാട്ടൂർ സ്റ്റേഷൻ പരിധിയിലുമാണ് സ്ഥിതി ചെയ്യുന്നത്. 

വിവിധ ജില്ലകളിൽ നിന്നെത്തുന്ന ഭക്തർക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകാത്ത രീതിയിൽ ദർശന സൗകര്യങ്ങൾ ഒരുക്കുമെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി അറിയിച്ചു. 

ഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ആരോഗ്യ സുരക്ഷയും ഉറപ്പാക്കാൻ വിവിധ വകുപ്പുകൾ സംയുക്തമായി പ്രവർത്തിക്കാനും യോഗത്തിൽ തീരുമാനമായി. 

നാട്ടിക നിയോജക മണ്ഡലം എം.എൽ.എ ഗീത ഗോപി, ഇരിങ്ങാലക്കുട എം.എൽ.എ. ഓഫീസിനെ പ്രതിനിധീകരിച്ച് സിജോയ് തോമസ്, പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി, നാട്ടിക പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. ഷൗക്കത്തലി, ഇരിങ്ങാലക്കുട നഗരസഭ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. വി.സി. വർഗ്ഗീസ്, പൊലീസ് വിഭാഗത്തിൽ നിന്നും ഇരിങ്ങാലക്കുട ഡിവൈഎസ്പി എം. സന്തോഷ് കുമാർ, റൂറൽ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി എൻ.എസ്. സലീഷ്, എസ്.എച്ച്.ഒ.മാരായ പി.എം. ഷമീർ (കാട്ടൂർ), കെ. അനിൽകുമാർ (വലപ്പാട്), കെ.വി. ഹരിക്കുട്ടൻ (ആളൂർ), ടി. ദിലീഷ് (ഇരിങ്ങാലക്കുട), രമേശ് (അഴിക്കോട് കോസ്റ്റൽ), മാള സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പി.പി. ബാബു എന്നിവരും യോഗത്തിൽ പങ്കെടുത്തു. 

വിവിധ വകുപ്പുകളെയും ക്ഷേത്ര സമിതികളെയും പ്രതിനിധീകരിച്ച് തൃശൂർ ഡെപ്യൂട്ടി ഡിഎംഒ ഡോ. സുജ അലോഷ്യസ്, ഡിഎംഒ (ആരോഗ്യം) ടെക്നിക്കൽ അസിസ്റ്റന്റുമാരായ (ഗ്രേഡ് II) എ.ജെ. ആന്റോ, എൽ.എൽ. മനോജ് ചന്ദ്രൻ, കൊച്ചിൻ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണർ എം. മനോജ് കുമാർ, ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ ജി.എസ്. രാധേഷ്, തൃപ്രയാർ ദേവസ്വം മാനേജർ കെ.വി. വിനീത, പായമ്മൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ടി.എസ്. സുലേഷ്, പായമ്മൽ ക്ഷേത്ര പ്രതിനിധി ഇ.കെ. രമേശ് എന്നിവരും കൂടാതെ ഇരിങ്ങാലക്കുട ഫയർ & റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ കെ.എസ്. ഡിബിൻ, ഫുഡ് സേഫ്റ്റി ഓഫീസർ പി.ആർ. രാജി, പൊറത്തിശ്ശേരി എഫ്.എച്ച്.സി. ഹെൽത്ത് ഇൻസ്പെക്ടർ ടി.കെ. അജീഷ്, ഇരിങ്ങാലക്കുട സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.ജി. അനിൽ, ആനന്ദപുരം സി.എച്ച്.സി. ഹെൽത്ത് സൂപ്പർവൈസർ എൻ. രമേശ് എന്നിവരും യോഗത്തിൽ സംബന്ധിച്ചു.

See also  കോടന്നൂർ പി.എസ്.സി സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ വൃക്ഷ തൈ - ഔഷധസസ്യ വിതരണം സംഘടിപ്പിച്ചു

ക്ഷേത്രങ്ങളിലേക്കുള്ള വഴികളിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ഭക്തർക്കായി കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളോടെ പ്രത്യേക പാർക്കിംഗ് സ്ഥലങ്ങൾ ഒരുക്കും. ക്ഷേത്രങ്ങളിൽ വരിയായി ക്രമമായ ദർശനം സുഗമമാക്കാൻ ബാരിക്കേഡുകളും വ്യവസ്ഥാപിതമായ വരികളും സ്ഥാപിക്കും. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കൂടുതൽ പൊലീസ്, സുരക്ഷാ ജീവനക്കാർ, വൊളന്റിയർമാർ എന്നിവരെ വിന്യസിക്കും.

വേഗത്തിലുള്ള ഏകോപനത്തിനായി ക്ഷേത്രവളപ്പിൽ പ്രത്യേക പൊലീസ് കൺട്രോൾ റൂം സ്ഥാപിക്കും. പൊലീസും ക്ഷേത്ര അധികാരികളും തമ്മിലുള്ള ആശയവിനിമയത്തിനായി ‘ലെയ്സൺ ഓഫീസറെ’ ചുമതലപ്പെടുത്തും.

ക്ഷേത്ര പരിസരങ്ങളിൽ ആവശ്യത്തിന് സി.സി.ടി.വി. ക്യാമറകൾ ഉറപ്പാക്കുകയും തകരാറിലുള്ളവ ഉടൻ പരിഹരിക്കുകയും ചെയ്യും.

മോഷണം തടയാൻ പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനൊപ്പം സ്ഥിരം കുറ്റവാളികളുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കും.

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി പ്രത്യേക സംരക്ഷണ നടപടികൾ ഉണ്ടാകും. ക്ഷേത്രങ്ങളിലെ നദികൾക്കും കുളങ്ങൾക്കും സമീപം മുങ്ങിമരണങ്ങൾ തടയാൻ ജീവൻരക്ഷാ ഉപകരണങ്ങളും ബോട്ടുകളുമായി കോസ്റ്റൽ സെക്യൂരിറ്റി ടീമുകളെയും വിദഗ്ധരെയും നിയോഗിക്കും.

ഭക്തർക്കായി പ്രഥമശുശ്രൂഷയും ആംബുലൻസും അടങ്ങുന്ന അടിയന്തിര മെഡിക്കൽ സംഘത്തെ സജ്ജമാക്കും.

ക്ഷേത്രവും പരിസരവും നിരന്തരം ശുചീകരിക്കും. ആവശ്യത്തിന് മാലിന്യ നിക്ഷേപ പെട്ടികൾ (ഡസ്റ്റ്ബിന്നുകൾ) സ്ഥാപിക്കും. ഭക്തർക്കായി ശുചിത്വമുള്ള ശൗചാലയങ്ങളും കുളിമുറികളും ഒരുക്കും.

ക്ഷേത്ര പരിസരങ്ങളിൽ സുരക്ഷയ്ക്കായി മതിയായ ലൈറ്റിംഗ് ക്രമീകരണങ്ങൾ ഉറപ്പാക്കും. ഭക്തർക്ക് കുടിവെള്ളവും ശുചിത്വമുള്ള ഭക്ഷണവും വിതരണം ചെയ്യും. സമീപത്തെ ഹോട്ടലുകളിലും ഭക്ഷണശാലകളിലും വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാനും ശുചിത്വം പാലിക്കാനും കർശന നിർദ്ദേശം നൽകും.

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top