കാറ്റിലും മഴയിലും മുകുന്ദപുരം താലൂക്കിൽ നഷ്ടങ്ങൾ

കാറ്റിലും മഴയിലും മുകുന്ദപുരം താലൂക്കിൽ നഷ്ടങ്ങൾ

കാറ്റിലും മഴയിലും മുകുന്ദപുരം താലൂക്കിൽ നഷ്ടങ്ങൾ; നെല്ലായി വില്ലേജിൽ ദുരിതാശ്വാസ ക്യാമ്പിൽ മുപ്പതോളം പേർ ; കാറളം ചെമ്മണ്ടയിൽ ഉന്നതിയിൽ അപകട ഭീഷണി ഉയർത്തുന്ന കിണർ മൂടാനുള്ള നടപടികൾ നീളുന്നു.

 

ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിലും മഴയിലും മുകുന്ദപുരം താലൂക്കിൽ നഷ്ടങ്ങൾ. പുത്തൻചിറയിൽ പ്രൊജക്ട്കുന്നിൽ തെങ്ങ് വീണ് കൊടിവളപ്പിൽ ലീലയുടെ വീടിന് ഭാഗിക നഷ്ടമുണ്ടായി. തൃക്കൂരിൽ മുളങ്കാട്ടുപറമ്പിൽ വിമലയുടെ ഓടിട്ട വീടിൻമേൽ മൺത്തട്ട ഇടിഞ്ഞു വീണു. തൊട്ടിപ്പാളിൽ ക്ഷീരസൊസൈറ്റിയുടെ അടുത്ത് അതിഥി തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തോട് ചേർന്നുള്ള കിണർ ഇടിഞ്ഞു. രാപ്പാളിൽ തെക്കിനിയേടത്ത് ഡിവൈനിൻ്റെ പറമ്പിലെ തെങ്ങ് വീണ് അയൽവാസിയായ എനാമാവ് ലില്ലിയുടെ വീടിൻ്റെ ട്രസ് തകർന്നു. താലൂക്കിൽ കനത്ത മഴയിൽ വെള്ളക്കെട്ടിനെ തുടർന്ന് പന്തല്ലൂർ സ്‌കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ പന്ത്രണ്ട് കുടുംബങ്ങളിലായി 30 പേരാണുള്ളത്.

കാറളം പഞ്ചായത്തിൽ നാലാം വാർഡിൽ ചെമ്മണ്ട നാല് സെൻ്റ് ഉന്നതിയിൽ അടുത്ത വീടുകൾക്ക് അപകട ഭീഷണി ഉയർത്തി വർഷങ്ങളായി നിലകൊള്ളുന്ന കിണർ മൂടാൻ വൈകുന്നതോടെ അടുത്തുള്ള വീട്ടുകാർ മഴ ശക്തമായതോടെ വീണ്ടും ആശങ്കയിലായി. കിണർ മണ്ണിട്ട് മൂടാൻ പഞ്ചായത്ത് ഭരണസമിതിയുടെ സമരത്തെ തുടർന്ന് കഴിഞ്ഞ മാസമാദ്യം ജില്ലാ ഭരണകൂടം അനുമതി നൽകിയിരുന്നു. വർഷങ്ങളായി ഉപയോഗശൂന്യമായി തുടരുന്ന കിണറിൻ്റെ അടുത്ത് ഗർത്തം രൂപപ്പെട്ടതോടെ മൂന്ന് വീട്ടുകാർ ഇവിടെ നിന്നും ഒഴിഞ്ഞ് പോയി. അടുത്ത് തന്നെയുള്ള മണക്കുന്നത്ത് സുജാതയും കുടുംബവും രാത്രി മാറി താമസിക്കേണ്ട അവസ്ഥയിലാണിപ്പോൾ. കിണർ മൂടാനുള്ള നടപടികൾ വൈകുന്നതിൽ പ്രതിഷേധം ഉയരുന്നുണ്ട്. എന്നാൽ കിണർ മൂടാനുള്ള പ്രവ്യത്തിയുടെ എസ്റ്റിമേറ്റ് തുകയായി രണ്ട് ലക്ഷത്തോളം രൂപ വകയിരുത്തിയിട്ടുണ്ടെന്നും ടെണ്ടർ നടപടികൾ ആയിട്ടുണ്ടെന്നും ഓണത്തിന് മുമ്പ് കിണർ മണ്ണിട്ട് മൂടി അപകട ഭീഷണി ഒഴിവാക്കുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു. കിണർ അപകടാവസ്ഥയിലാണെന്ന് സൂചിപ്പിച്ച് കൊണ്ടുള്ള ജാഗ്രത ബോർഡ് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സ്ഥാപിച്ചിട്ടുണ്ട്.

See also  ഉത്രാടദിനത്തിൽ ശ്രീഗുരുവായൂരപ്പന് കാഴ്ചക്കുല സമർപ്പിച്ച് ദേവസ്വം മന്ത്രി  കെ.മുരളീധരൻ.
Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top