
ടാറ്റ സൺസ് ചെയർമാൻ സ്ഥാനത്ത് നിന്നും 2027 ഫെബ്രുവരിയിൽ കാലാവധി പൂർത്തിയാകുമ്പോൾ ഒഴിഞ്ഞുകൊടുക്കുമെന്ന എൻ. ചന്ദ്രശേഖരന്റെ അപ്രതീക്ഷിത പ്രഖ്യാപനം ടാറ്റ ഗ്രൂപ്പിൽ വലിയ പിന്തുടർച്ചാ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. എന്നാൽ, അടുത്ത ചെയർമാനെ കണ്ടെത്താനുള്ള ഔദ്യോഗിക നടപടികൾ ആരംഭിക്കും മുൻപേ തന്നെ ഈ പ്രക്രിയ വലിയ നിയമപരവും ഭരണപരവുമായ തടസ്സങ്ങളിൽ അകപ്പെട്ടു. ടാറ്റ സൺസിലെ പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളാൻ അധികാരമുള്ള രണ്ട് പ്രധാന ട്രസ്റ്റുകളിലൊന്നായ സർ രത്തൻ ടാറ്റ ട്രസ്റ്റിന് മഹാരാഷ്ട്ര ചാരിറ്റി കമ്മീഷണർ നിലവിൽ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം.
രണ്ട് പ്രിൻസിപ്പൽ ട്രസ്റ്റുകളായ സർ രത്തൻ ടാറ്റ ട്രസ്റ്റും സർ ദൊറാബ്ജി ടാറ്റ ട്രസ്റ്റും സംയുക്തമായി വേണം ടാറ്റ സൺസിന്റെ വാർഷിക പൊതുയോഗത്തിലേക്ക് പ്രതിനിധിയെ അയക്കാനും, പുതിയ ചെയർമാനെ തിരഞ്ഞെടുക്കുന്ന മൂന്നംഗ സെലക്ഷൻ കമ്മിറ്റിയെ നിശ്ചയിക്കാനും. എന്നാൽ വിലക്ക് നിലനിൽക്കുന്നതിനാൽ ജൂലൈ 13 ന് ചേർന്ന നിർണ്ണായക യോഗത്തിൽ പോലും എസ്.ആർ.ടി.ടിക്ക് പങ്കെടുക്കാൻ സാധിച്ചില്ല. നോയൽ ടാറ്റയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ എസ്.ഡി.ടി.ടിയും മറ്റ് ചെറിയ ട്രസ്റ്റുകളും മാത്രമാണ് പങ്കെടുത്തത്. എസ്.ആർ.ടി.ടിയുടെ പങ്കാളിത്തമില്ലാതെ സംയുക്ത തീരുമാനങ്ങൾ നിയമപരമായി സാധ്യമല്ലാത്തത് ടാറ്റ ഗ്രൂപ്പിനെ പ്രതിസന്ധിയിലാക്കുന്നു.
ഈ വരുന്ന ആഗസ്റ്റ് 18 ന് ടാറ്റ സൺസിന്റെ നിർണ്ണായക വാർഷിക പൊതുയോഗം നടക്കാനിരിക്കെ, അടിയന്തിര നിയമപരിഹാരം തേടാനുള്ള നീക്കത്തിലാണ് ടാറ്റ ട്രസ്റ്റുകൾ. മഹാരാഷ്ട്ര ചാരിറ്റി കമ്മീഷണറെ കണ്ട് വിലക്കിൽ അടിയന്തര ഇളവ് തേടാനാണ് പ്രാഥമിക തീരുമാനം. അതിന് സാധിച്ചില്ലെങ്കിൽ വിഷയം ബോംബെ ഹൈക്കോടതിയിലേക്ക് എത്തിക്കും. എ.ജി.എമ്മിൽ ആവശ്യത്തിന് ക്വാറം ലഭിച്ചില്ലെങ്കിൽ പൊതുയോഗം തന്നെ മാറ്റിവെക്കേണ്ടി വരും. അതല്ലെങ്കിൽ, ക്വാറം തികയുകയും നിലവിലെ സ്ഥിതിയിൽ ബോർഡ് തീരുമാനമെടുക്കുകയും ചെയ്താൽ ചന്ദ്രശേഖരന്റെ കാലാവധി 2027 ഫെബ്രുവരി വരെ നീളുന്നതിന് പകരം ഉടൻ അവസാനിക്കാനും സാധ്യതയുണ്ട്.
Also Read; 1947-ൽ 1 ഡോളറിന് 1 രൂപയായിരുന്നോ? ഡോളറിന് മുന്നിൽ രൂപ വീഴുന്നതാണോ, അതോ ഇന്ത്യ വളരുന്നതാണോ? അറിയാം യാഥാർത്ഥ്യം!
2017-ൽ ടാറ്റ സൺസിന്റെ തലപ്പത്തെത്തിയ എൻ. ചന്ദ്രശേഖരൻ, എയർ ഇന്ത്യയുടെ തിരിച്ചുവരവ്, ഇലക്ട്രോണിക്സ്-സെമികണ്ടക്ടർ മേഖലകളിലെ വൻ നിക്ഷേപങ്ങൾ, പുതിയ വ്യവസായ സംരംഭങ്ങൾ എന്നിവയിലൂടെ ടാറ്റ ഗ്രൂപ്പിനെ വലിയ വളർച്ചയിലേക്ക് നയിച്ച വ്യക്തിയാണ്. അടുത്ത ഒരു ഊഴത്തിന് കൂടി താനില്ലെന്ന് അദ്ദേഹം ഓഗസ്റ്റ് 12-ന് ട്രസ്റ്റുകളെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. ചന്ദ്രശേഖരന്റെ സേവനങ്ങളെയും സംഭാവനകളെയും പ്രകീർത്തിച്ച എസ്.ഡി.ടി.ടി, അദ്ദേഹത്തിന്റെ തീരുമാനത്തെ മാനിച്ചുകൊണ്ട് പുതിയ സെലക്ഷൻ കമ്മിറ്റി രൂപീകരണ നടപടികൾക്ക് ഇതിനകം തുടക്കമിട്ടിട്ടുണ്ട്.
അടുത്ത ടാറ്റ സൺസ് ചെയർമാൻ ആരാകുമെന്ന തിരച്ചിലിനേക്കാൾ ഉപരി, അതിനായുള്ള ഭരണഘടനാപരമായ വഴി സുഗമമാക്കുക എന്ന ഇരട്ട വെല്ലുവിളിയാണ് നിലവിൽ ടാറ്റ ഗ്രൂപ്പ് നേരിടുന്നത്. ആഭ്യന്തര നിയമപ്രശ്നങ്ങൾ പരിഹരിക്കാനും വാർഷിക പൊതുയോഗം സുഗമമായി നടത്താനും സാധിച്ചാൽ മാത്രമേ നോയൽ ടാറ്റ ഉൾപ്പെടെയുള്ള ട്രസ്റ്റ് ഭാരവാഹികൾക്ക് പുതിയ ചെയർമാനെ കണ്ടെത്താനുള്ള ഭരണഘടനാപരമായ പ്രക്രിയകളുമായി മുന്നോട്ട് പോകാനാകൂ.
The post അടുത്ത ടാറ്റ ബോസ് ആര്? ചന്ദ്രശേഖരന്റെ പിൻഗാമിയെ കണ്ടെത്താനുള്ള നീക്കം നിയമക്കുരുക്കിൽ! appeared first on Express Kerala.




