
മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലുള്ള ഒരു സർക്കാർ ബോർഡിംഗ് സ്‌കൂളിൽ അമാനുഷിക ശക്തികളുടെ സാന്നിധ്യമുണ്ടെന്ന അഭ്യൂഹം പടർന്നതിനെ തുടർന്ന് നൂറുകണക്കിന് വിദ്യാർത്ഥികൾ ഹോസ്റ്റൽ ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങി. സ്കൂളിൽ പ്രേതബാധയുണ്ടെന്ന കിംവദന്തി കാട്ടുതീ പോലെ പടർന്നതോടെ ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ കടുത്ത ഭീതിയിലാവുകയായിരുന്നു. ഭയം നിയന്ത്രണവിധേയമല്ലാതായതോടെ 263 ആൺകുട്ടികളും 345 പെൺകുട്ടികളും അടക്കം 608 വിദ്യാർത്ഥികളെ മാതാപിതാക്കൾ വന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ഹോസ്റ്റൽ മുറികൾക്കുള്ളിൽ അസാധാരണ ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങിയതാണ് സംഭവങ്ങളുടെ തുടക്കം. പാദസരങ്ങളുടെ മുഴക്കം, അർദ്ധരാത്രിയിലെ പെട്ടെന്നുള്ള ചിരി, നിലവിളിയും കരച്ചിലും എന്നിങ്ങനെ ഭയപ്പെടുത്തുന്ന അനുഭവങ്ങളാണ് ചില പെൺകുട്ടികൾ പങ്കുവെച്ചത്. ഇത് സഹപാഠികളിലേക്ക് പടരുകയും കുട്ടികൾ ഒന്നടങ്കം മാനസികമായി തകരുകയുമായിരുന്നു. വാർത്ത പരന്നതോടെ രക്ഷിതാക്കളും പരിഭ്രാന്തരായി സ്കൂളിലേക്ക് എത്തുകയായിരുന്നു.
കുട്ടികളുടെ പരാതികൾ വർദ്ധിച്ചതോടെ സ്കൂൾ ഹെഡ്മാസ്റ്റർ സഞ്ജയ് ചൗധരിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ ആശുപത്രിയിലെത്തിച്ച് വിദഗ്ദ്ധ മനോരോഗ വിദഗ്ദ്ധന്റെ പരിശോധനയ്ക്ക് വിധേയരാക്കി. വൈദ്യപരിശോധനയ്ക്ക് ശേഷമാണ് കുട്ടികൾ അനുഭവിക്കുന്നത് അമാനുഷിക ശക്തികളുടെ സാന്നിധ്യമല്ല, മറിച്ച് കടുത്ത ‘മാസ് ഹിസ്റ്റീരിയ’ ) പോലെയുള്ള മാനസികാരോഗ്യ അവസ്ഥയാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചത്. ഒരാളിലുണ്ടാകുന്ന ഭയം മറ്റ് കുട്ടികളിലേക്ക് അതിവേഗം പടരുന്ന രീതിയാണിത്.
Also Read; അടുത്ത ടാറ്റ ബോസ് ആര്? ചന്ദ്രശേഖരന്റെ പിൻഗാമിയെ കണ്ടെത്താനുള്ള നീക്കം നിയമക്കുരുക്കിൽ!
സംഭവത്തിൽ പ്രേതങ്ങളോ മറ്റ് അമാനുഷിക പ്രതിഭാസങ്ങളോ ഉൾപ്പെട്ടിട്ടില്ലെന്നും, ഇതിനെ ദുർഭൂതങ്ങളുമായി ബന്ധിപ്പിക്കരുതെന്നും പ്രാദേശിക ആരോഗ്യ ഓഫീസർ അഭിഷേക് നായിഡു അഭ്യർത്ഥിച്ചു. ഇത് തികച്ചും വ്യക്തികളുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട വിഷയമാണെന്നും മാതാപിതാക്കളും നാട്ടുകാരും അനാവശ്യ കിംവദന്തികൾ പ്രചരിപ്പിക്കുകയോ പരിഭ്രാന്തരാവുകയോ ചെയ്യരുതെന്നും അദ്ദേഹം വ്യക്തമാക്കി. ഭയം അകറ്റി കുട്ടികളിൽ ആത്മവിശ്വാസം വളർത്താൻ കൗൺസിലിംഗ് ഉൾപ്പെടെയുള്ള നടപടികൾ നടന്നു വരികയാണ്.
കുട്ടികളുടെ വിദ്യാഭ്യാസം തടസ്സപ്പെടാതിരിക്കാനും സ്കൂളിലെ അന്തരീക്ഷം സാധാരണ നിലയിലാക്കാനും ഭരണകൂടം അടിയന്തര ഇടപെടലുകൾ നടത്തുന്നുണ്ട്. ഹാനികരമായ അന്ധവിശ്വാസങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ‘മഹാരാഷ്ട്ര അന്ധശ്രദ്ധ നിർമൂലൻ സമിതി’യും ഈ ദൗത്യത്തിൽ പങ്കാളികളായിട്ടുണ്ട്. ഭയന്നിരിക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണവും ശാസ്ത്രീയമായ കൗൺസിലിംഗും നൽകി, എത്രയും വേഗം കുട്ടികളെ സ്കൂളിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
The post പാദസരങ്ങളുടെ ശബ്ദം, രാത്രിയിലെ ചിരിയും കരച്ചിലും! സർക്കാർ ഹോസ്റ്റലിൽ ‘പ്രേതബാധ’; ഭയന്നോടി 600-ഓളം കുട്ടികൾ appeared first on Express Kerala.




