
ഓണക്കാലത്തെ വരവേല്‍ക്കാനുള്ള തിരക്കിലാണ് മലയാളി. ഓണക്കോടികള്‍ക്കൊപ്പം ഓണസദ്യ ഒരുക്കാനുള്ള സാധനങ്ങള്‍ വാങ്ങുന്ന തിരക്കിലാണ് എല്ലാവരും. എന്നാല്‍, ഓണസദ്യക്ക് ആവശ്യമായ ബ്രാന്‍ഡഡ് ഉത്പന്നങ്ങളും പലവ്യഞ്ജനങ്ങളും അടങ്ങിയ ഓണക്കിറ്റുകളുമായി സപ്ലൈകോയും ഇതിനോടകം സജ്ജമായിക്കഴിഞ്ഞു. സാധാരണ ഓണക്കിറ്റുകള്‍ക്ക് പുറമെ 1,000 രൂപ വിലയുള്ള പ്രത്യേക ‘അത്തം ഓണസമ്മാനക്കിറ്റും’ സപ്ലൈകോ ഉപഭോക്താക്കള്‍ക്കായി നല്‍കുന്നുണ്ട്. അരി, വെളിച്ചെണ്ണ, പഞ്ചസാര, ശബരി മസാലകള്‍ തുടങ്ങി 21 സാധനങ്ങളാണ് ഈ കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവ സപ്ലൈകോ വില്പന ശാലകളില്‍ ലഭ്യമാണ്.
ഓണസദ്യക്ക് ആവശ്യമായ വസ്തുക്കളും പ്രമുഖ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങളും ഉള്‍പ്പെടുത്തി പ്രത്യേക ഗിഫ്റ്റ് കിറ്റുകളും സപ്ലൈകോ പുറത്തിറക്കുന്നുണ്ട്. 25 ഇനങ്ങളുള്ള ‘ഉത്രാടം കിറ്റ്’ 1500 രൂപയ്ക്കും, 30 ഇനങ്ങളുള്ള പ്രീമിയം ‘തിരുവോണം കിറ്റ്’ 2000 രൂപയ്ക്കും ലഭിക്കും. വിപണിയില്‍ 1880 രൂപ വിലവരുന്ന സാധനങ്ങളാണ് 1500 രൂപയുടെ ഉത്രാടം കിറ്റിലൂടെ ലഭ്യമാകുന്നത്. അതേസമയം, 2540 രൂപ വിലവരുന്ന ഉത്പന്നങ്ങളാണ് 2000 രൂപയുടെ തിരുവോണം കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനുപുറമെ, പുട്ടുപൊടി, സേമിയ, പായസക്കൂട്ട്, മുളകുപൊടി, മഞ്ഞള്‍പ്പൊടി തുടങ്ങി ഒന്‍പതു പ്രീമിയം ശബരി ഉത്പന്നങ്ങള്‍ അടങ്ങിയ ‘ശബരി സിഗ്നേച്ചര്‍ കിറ്റ്’ 299 രൂപയ്ക്കും വില്‍പ്പനയ്ക്കെത്തുന്നുണ്ട്.
Also Read:ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; കേരളത്തിൽ ഇന്ന് എട്ട് ജില്ലകളിൽ ജാഗ്രതാ നിർദേശം
വിവിധ ഓണക്കിറ്റുകള്‍ക്ക് പുറമെ നിരവധി സമ്മാനങ്ങളും ആകര്‍ഷകമായ ബോണസുകളും സപ്ലൈകോ ഒരുക്കിയിട്ടുണ്ട്. 500, 1000 രൂപ വീതം മുഖവിലയുള്ള സപ്ലൈകോ ഓണം ഗിഫ്റ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഔട്ട്ലെറ്റുകളില് നിന്ന് ആവശ്യമായ ഉത്പന്നങ്ങള്‍ സ്വന്തമാക്കാം. ഇതിനോടൊപ്പം പ്രത്യേക സമ്മാനക്കൂപ്പണുകളും ഉപഭോക്താക്കള്‍ക്കായി ലഭ്യമാക്കിയിട്ടുണ്ട്. വലിയ ഓഫറുകളും ആകര്‍ഷകമായ ഗിഫ്റ്റ് കൂപ്പണുകളുമായി ഈ വര്‍ഷത്തെ ഓണച്ചന്തയെ തികച്ചും സജീവമാക്കാനാണ് സപ്ലൈകോ ലക്ഷ്യമിടുന്നത്.
The post ഓണസദ്യ ഗംഭീരമാക്കാൻ സപ്ലൈകോ കിറ്റുകൾ എത്തി; ഗിഫ്റ്റ് കാർഡുകളും സമ്മാനക്കൂപ്പണുകളുമായി വൻ ഓഫറുകൾ appeared first on Express Kerala.




