അമേരിക്കയിലെ വമ്പൻ കായിക ഫ്രാഞ്ചൈസിയായ ‘ലോസ് ഏഞ്ചൽസ് ലേക്കേഴ്സി’ൽ (LA Lakers) 12.5 ബില്യൺ ഡോളറിന്റെ നിക്ഷേപവുമായി ജോഷ് കുഷ്നർ എത്തിയതോടെ വീണ്ടും ലോകശ്രദ്ധയിലേക്ക് കുഷ്നർ കുടുംബം നിറയുകയാണ്. റിയൽ എസ്റ്റേറ്റിൽ തുടങ്ങി, വെഞ്ച്വർ ക്യാപിറ്റൽ, ആഗോള നിക്ഷേപങ്ങൾ, ഒടുവിൽ അമേരിക്കൻ പ്രസിഡന്റ് സാക്ഷാൽ ട്രംപിന്റെ വലംകൈയായി വരെ വളർന്ന കുഷ്നർ കുടുംബത്തിന്റെ ചരിത്രം ഒരു സിനിമയെ വെല്ലുന്നതാണ്. അധികാരത്തിന്റെ ഇടനാഴികളിലും ബിസിനസ് ലോകത്തും ഒരേപോലെ സ്വാധീനം ചെലുത്തുന്ന ഇവർ ആരാണ്? പണവും സ്വാധീനവും എങ്ങനെയാണ് ഈ കുടുംബം തങ്ങളുടെ കൈപ്പിടിയിലൊതുക്കിയത്?
ന്യൂയോർക്കിലെ റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ ചാൾസ് കുഷ്നറാണ് ഈ സാമ്രാജ്യത്തിന്റെ അടിത്തറ പാകിയത്. ഇദ്ദേഹത്തിന് രണ്ട് മക്കളാണുള്ളത്: ജാരെഡ് കുഷ്നറും ജോഷ് കുഷ്നറും. ഇവർ രണ്ടുപേരും ഒരേ കുടുംബത്തിൽ പെട്ടവരാണെങ്കിലും അവരുടെ അധികാരവഴികൾ വ്യത്യസ്തമാണ്. ജാരെഡ് കുഷ്നർ ട്രംപിന്റെ മകൾ ഇവങ്ക ട്രംപിനെ വിവാഹം കഴിക്കുകയും, ട്രംപിന്റെ വൈറ്റ് ഹൗസിലെ വിശ്വസ്തനായ ഉപദേശകനായി മാറുകയും ചെയ്തു. ഇസ്രയേൽ-അറബ് ബന്ധം മെച്ചപ്പെടുത്തിയ ‘അബ്രഹാം അക്കോർഡ്സ്’ ഉൾപ്പെടെയുള്ള നിർണ്ണായക തീരുമാനങ്ങളിൽ ജാരെഡ് നിർണ്ണായക പങ്ക് വഹിച്ചു. ട്രംപ് ഭരണകൂടം മാറിയപ്പോഴും ജാരെഡ് ഇപ്പോഴും പ്രസിഡന്റിന്റെ വൃത്തത്തിൽ ഗാസ, ഇറാൻ, യുക്രെയ്ൻ തുടങ്ങിയ വിഷയങ്ങളിൽ ഒരു അനൗദ്യോഗിക ഉപദേശകനായി തുടരുന്നു.
ALSO READ;മുപ്പത് വർഷത്തെ ദുരൂഹത..! ടുപാക് ഷക്കൂറിന്റെ കൊലപാതകികളെ തേടി നിയമം, ‘കെഫ് ഡി’യുടെ വിചാരണ തുടങ്ങി
ജാരെഡ് രാഷ്ട്രീയത്തിൽ കരുനീക്കം നടത്തുമ്പോൾ, ജോഷ് കുഷ്നർ ബിസിനസ് ലോകത്താണ് തന്റേതായ സാമ്രാജ്യം കെട്ടിപ്പടുത്തത്. വെഞ്ച്വർ ക്യാപിറ്റലിൽ തിളങ്ങിയ ജോഷ്, ഇപ്പോൾ ലേക്കേഴ്സ് ഡീലിലൂടെ കായിക മേഖലയിലും തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. എന്നാൽ ഈ കുടുംബത്തിന്റെ ഉയർച്ചയ്ക്കു പിന്നിലെ പ്രധാന കണ്ണിയായി പലപ്പോഴും വിമർശകർ ചൂണ്ടിക്കാട്ടുന്നത് പ്രസിഡന്റ് ട്രംപുമായുള്ള ഇവരുടെ അടുത്ത ബന്ധമാണ്. വൈറ്റ് ഹൗസിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ജാരെഡ് ആരംഭിച്ച ‘അഫിനിറ്റി പാർട്ണേഴ്സ്’ എന്ന നിക്ഷേപ സ്ഥാപനത്തിലേക്ക് സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിൽ നിന്ന് 2 ബില്യൺ ഡോളറാണ് എത്തിയത്. ഇതോടെ ബിസിനസ്സും രാഷ്ട്രീയവും തമ്മിലുള്ള അതിർവരമ്പുകൾ അപ്രത്യക്ഷമാകുകയാണെന്ന ഗുരുതരമായ വിമർശനവും ഉയരുന്നുണ്ട്.
കച്ചവടവും അധികാരവും തമ്മിലുള്ള ഈ ഇഴയടുപ്പമാണ് കുഷ്നർ കുടുംബത്തെ അമേരിക്കയിലെ ഏറ്റവും സവിശേഷമായ ഒരു ശക്തിയാക്കുന്നത്. ബിസിനസ്സിലെ അസാമാന്യമായ സ്വാധീനവും ഭരണകൂടത്തിന്റെ ഉന്നത കേന്ദ്രങ്ങളിലേക്കുള്ള നേരിട്ടുള്ള പ്രവേശനവും ഒരുമിച്ച് കൈവരിക്കുന്ന ഇവർ, ഇന്നത്തെ അമേരിക്കൻ അധികാര രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ പ്രതീകങ്ങളായി മാറിയിരിക്കുകയാണ്. പണം, സ്വാധീനം, അധികാരം, ഈ മൂന്നും ഒത്തുചേരുമ്പോൾ കുഷ്നർ കുടുംബത്തിന്റെ കഥ ഇനിയും പല അട്ടിമറികൾക്കും വഴിവെക്കുമെന്നുറപ്പാണ്.
The post ട്രംപിന്റെ വിശ്വസ്തരായ ‘കുഷ്നർ’ കുടുംബത്തിന്റെ രഹസ്യങ്ങൾ! ആരാണീ കുടുംബം, എന്താണ് ഇങ്ങനെ ഒരു ബന്ധം appeared first on Express Kerala.




