
കൊച്ചി: പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയെ തിങ്കളാഴ്ച വരെ റിമാൻഡ് ചെയ്തു. കോതമംഗലം മജിസ്ട്രേറ്റാണ് റിമാൻഡ് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങുന്നതിനായി കുട്ടമ്പുഴ പൊലീസ് തിങ്കളാഴ്ച അപേക്ഷ നൽകും.
രാത്രി ഏഴ് മണിയോടെയാണ് കുട്ടമ്പുഴ പൊലീസ് അർജുൻ ആയങ്കിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. തുടർന്ന് പ്രതിയെ മൂവാറ്റുപുഴ സബ് ജയിലിലേക്ക് മാറ്റി. കോതമംഗലം പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടാണ് അർജുൻ ആയങ്കിയെ കണ്ണൂരിൽ നിന്ന് പൊലീസ് പിടികൂടിയത്.
ആഭ്യന്തരമന്ത്രിയെ വെല്ലുവിളിച്ചെന്ന കേസിൽ റിമാൻഡിലായിരുന്ന അർജുൻ ആയങ്കിയുടെ കസ്റ്റഡി കാലാവധി നേരത്തെ അവസാനിച്ചിരുന്നു. മൂന്ന് ദിവസത്തേക്കാണ് കണ്ണൂർ സൈബർ ക്രൈം പൊലീസിന് കോടതി അർജുന്റെ കസ്റ്റഡി അനുവദിച്ചിരുന്നത്.
കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ സംഭവങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ താൻ ഒറ്റയ്ക്കാണ് ചെയ്തതെന്ന് അർജുൻ പൊലീസിന് മൊഴി നൽകിയതായാണ് വിവരം.
അന്വേഷണത്തിന്റെ ഭാഗമായി രണ്ട് ദിവസം ഒളിവിൽ കഴിഞ്ഞ ലോഡ്ജിലും സുഹൃത്തുക്കൾക്കൊപ്പം കാറിൽ സഞ്ചരിച്ച സ്ഥലങ്ങളിലും പിടിയിലാകുന്നതിന് മുമ്പ് എത്തിയ അഭിഭാഷകയുടെ അപ്പാർട്ട്മെന്റിലും അർജുനെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.
ഫേസ്ബുക്ക് പോസ്റ്റ് പ്രസിദ്ധീകരിക്കാൻ ഉപയോഗിച്ചതായി കരുതുന്ന ഐഫോണും തെളിവെടുപ്പിനിടെ പൊലീസ് കണ്ടെത്തിയിരുന്നു. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
Story Summary:
Arjun Ayanki has been remanded until Monday in a case involving alleged threats against the police. Kuttampuzha Police are expected to seek his custody again, while investigators continue examining evidence including the iPhone allegedly used to publish the Facebook post.




