
കൊച്ചി: എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം പൂർണമായി ആലപിച്ച സംഭവത്തിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് എം. സ്വരാജ്. വർഗീയവാദികളുടെ തിട്ടൂരത്തിന് മുന്നിൽ കോൺഗ്രസ് സാഷ്ടാംഗം പ്രണമിച്ചുവെന്ന് എം. സ്വരാജ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. വർഗീയവാദികളെ പോലെ തന്നെ ആട്ടിൻതോലിട്ട ഒറ്റുകാരെയും തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വന്ദേമാതരം ഇന്ന് കേവലം ഒരു ഗീതം മാത്രമല്ല, മറിച്ച് സംഘപരിവാറിന്റെ രാഷ്ട്രീയ ആയുധമാണെന്നും സ്വരാജ് വിമർശിച്ചു. ഇഷ്ടമല്ലാത്തവരെ കൊലപ്പെടുത്താൻ വർഗീയവാദികൾ ഉപയോഗിക്കുന്ന ആയുധമാണിത്. കോൺഗ്രസ് എംപിയായിരുന്ന ഇഹ്‌സാൻ ജഫ്രിയെ നിഷ്ഠൂരമായി കൊലപ്പെടുത്തുന്നതിന് മുൻപ് വർഗീയവാദികൾ ആജ്ഞാപിച്ചത് വന്ദേമാതരം ചൊല്ലാനായിരുന്നു. വൃദ്ധനായ ഇഹ്സാൻ ജാഫ്രി ജീവൻ നൽകി പ്രതിരോധിച്ച ആ തിട്ടൂരത്തിനു മുന്നിലാണ് കോൺഗ്രസ് ഇന്ന് സാഷ്ടാംഗം പ്രണമിച്ചിരിക്കുന്നത്. എഐസിസി ആസ്ഥാനത്ത് ദേശീയ നേതൃത്വം ഒന്നടങ്കം വിനീതവിധേയരായ ഭൃത്യരായി നിന്ന് വന്ദേമാതരം പൂർണതോതിൽ ആലപിച്ചുവെന്നും സ്വരാജ് കുറ്റപ്പെടുത്തി.
Also Read:ആലാപനം ആരും തടഞ്ഞിട്ടില്ല, സോണിയ ഗാന്ധി ആംഗ്യം കാണിച്ചത് കസേര കൊണ്ടുവരാനോ? കോൺഗ്രസിന്റെ പുതിയ വിശദീകരണം
എഐസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. സാധാരണയായി വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമാണ് കോൺഗ്രസ് ചടങ്ങുകളിൽ ആലപിക്കാറുള്ളത്. എന്നാൽ ഇത്തവണ ഗാനം പൂർണമായി പാടുകയായിരുന്നു. രണ്ട് ചരണങ്ങൾ കഴിഞ്ഞും ഗാനാലാപനം തുടർന്നപ്പോൾ മുതിർന്ന നേതാവ് സോണിയാ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഇടയ്ക്കുകയറി ഇടപെടാൻ ശ്രമിച്ചെങ്കിലും ഗാനം പൂർണമായി ആലപിക്കുകയായിരുന്നു. ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും ചടങ്ങിൽ സന്നിഹിതനായിരുന്നു.
The post വർഗീയവാദികളുടെ തിട്ടൂരത്തിന് മുന്നിൽ കോൺഗ്രസ് സാഷ്ടാംഗം പ്രണമിച്ചു! ആട്ടിൻതോലിട്ട ഒറ്റുകാരെയും തിരിച്ചറിയണം എം. സ്വരാജ് appeared first on Express Kerala.




