
ശ്രീനഗര്‍: ജമ്മു-കശ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാന പദവിയും എടുത്തുമാറ്റിയിരുന്നില്ലെങ്കില്‍, പാക് അധീന കശ്മീരിലെ (പിഒകെ) ജനങ്ങള്‍ ജമ്മു-കശ്മീരുമായി ലയിക്കാന്‍ മുന്നിട്ടിറങ്ങുമായിരുന്നുവെന്ന് ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ശ്രീനഗറില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 1947ല്‍ പാകിസ്ഥാനില്‍ നിന്നുള്ള ഗോത്രവര്‍ഗ അക്രമികളെ ചെറുത്ത് ഇന്ത്യയുടെ ഭാഗമാകാന്‍ തീരുമാനിച്ച കശ്മീരിലെ ജനങ്ങളുടെ നിലപാട് ശരിയാണെന്ന് തെളിയിക്കുന്നതാണ് പിഒകെയിലെ ഇപ്പോഴത്തെ സാഹചര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിഒകെയിലെ ഇപ്പോഴത്തെ അവസ്ഥയില്‍ ദുഃഖമുണ്ടെന്ന് വ്യക്തമാക്കിയ ഒമര്‍ അബ്ദുള്ള, ജനാധിപത്യ അവകാശങ്ങള്‍ ചോദിച്ചതിന് അവിടെ നിരവധി പേര്‍ കൊല്ലപ്പെടുകയും പലരേയും ജയിലിലടക്കുകയും ചെയ്തതായി ചൂണ്ടിക്കാണിച്ചു. 1947ല്‍ ഇന്ത്യന്‍ സൈന്യം കശ്മീരില്‍ എത്തുന്നതിന് മുന്‍പ് പാക് അക്രമികള്‍ക്കെതിരെ പോരാടാനും മാതൃഭൂമി സംരക്ഷിക്കാനും കശ്മീരിലെ ജനങ്ങളെ നയിച്ച തന്റെ മുത്തശ്ശനും ജമ്മു-കശ്മീരിന്റെ ആദ്യ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് അബ്ദുള്ളയ്ക്ക് അദ്ദേഹം ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു.
Also Read:പെട്രോൾ പമ്പുകളിൽ നിന്ന് വണ്ടിയിറങ്ങിയാലുടൻ പണി കിട്ടുമോ? E20 പെട്രോളിലെ ക്ലോറൈഡും ഈർപ്പവും കാർ നിർമ്മാതാക്കളെ ആശങ്കപ്പെടുത്തുന്നു!
എന്നാല്‍ ഒമര്‍ അബ്ദുള്ളയുടെ പ്രസ്താവന നിരുത്തരവാദപരമാണെന്നാണ് ബിജെപിയുടെ പ്രതികരണം. സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാകയെ ആഘോഷിക്കുന്നതിന് പകരം അദ്ദേഹം രാഷ്ട്രീയ കളികളില്‍ ഏര്‍പ്പെടുകയാണെന്ന് ജമ്മു കശ്മീര്‍ നിയമസഭാ പ്രതിപക്ഷ നേതാവ് സുനില്‍ ശര്‍മ്മ കുറ്റപ്പെടുത്തി. സ്വന്തം പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും സംസാരിക്കേണ്ട അവസരമാണ് അദ്ദേഹം രാഷ്ട്രീയത്തിനായി ഉപയോഗിച്ചതെന്നും സുനില്‍ ശര്‍മ്മ വ്യക്തമാക്കി.
അതേസമയം, 2019 ഓഗസ്റ്റില്‍ റദ്ദാക്കപ്പെട്ട ജമ്മു കശ്മീരിന്റെ സംസ്ഥാന പദവിയും ഭരണഘടനാപരമായ ഉറപ്പുകളും പുനഃസ്ഥാപിക്കുന്നതിനായി പോരാടാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഒമര്‍ അബ്ദുള്ള ആവര്‍ത്തിച്ചു. ഈ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ സര്‍ക്കാര്‍ ശക്തമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.
The post ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി മാറ്റിയിരുന്നില്ലെങ്കിൽ പിഒകെ ഇന്ത്യയുമായി ലയിക്കുമായിരുന്നു; ഒമർ അബ്ദുള്ള appeared first on Express Kerala.




