
യുഎഇയിൽ വേനൽച്ചൂടിന്റെ കാഠിനം തുടരുന്നതിനിടയിൽ, സുഹൈൽ നക്ഷത്രം ഉദിക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഓഗസ്റ്റ് 14ന് അൽ ദഫ്റ മേഖലയിലെ ബദാ ദഫാസിൽ 50.4 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയിരുന്നു. ഈ വർഷം രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയായ 51.2 ഡിഗ്രിയിൽനിന്ന് അല്പം മാത്രം താഴെയാണിത്.
പരമ്പരാഗതമായി സുഹൈലിന്റെ ഉദയം ചൂടിൽനിന്ന് താരതമ്യേന ശീതളമായ കാലാവസ്ഥയിലേക്കുള്ള മാറ്റത്തിന്റെ സൂചനയായി കണക്കാക്കപ്പെടുന്നു. എങ്കിലും സുഹൈൽ ഉദിച്ച ഉടൻ തണുപ്പ് അനുഭവപ്പെടില്ലെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്. പകൽ താപനില കുറയാൻ തുടങ്ങുമെങ്കിലും അന്തരീക്ഷത്തിലെ ഈർപ്പം വർധിക്കുന്നതിനാൽ ചൂടിന്റെ അസ്വസ്ഥതകൾ തുടരാൻ സാധ്യതയുണ്ട്.
Also Read:അബുദാബിയിലെ സൂപ്പർമാർക്കറ്റുകളിൽ ഇനി ജങ്ക് ഫൂഡിന് ‘ഒളിഞ്ഞുനോട്ടം’; കർശന നിയന്ത്രണങ്ങളുമായി അധികൃതർ
ചൂടിന്റെ കാഠിനം മുൻനിർത്തി യുഎഇയിൽ തൊഴിലാളികളുടെ സുരക്ഷയ്ക്കായി കർശനമായ നടപടികൾ നടപ്പിലാക്കുന്നുണ്ട്. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് മൂന്നുവരെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു. കൂടാതെ, തൊഴിലാളികൾക്കായി ശീതീകരിച്ച വിശ്രമകേന്ദ്രങ്ങളും സൗജന്യ ആരോഗ്യ പരിശോധനകളും ആരോഗ്യസുരക്ഷാ കിറ്റുകളും വിതരണം ചെയ്തുവരുന്നുണ്ട്.
കടുത്ത ചൂടിൽനിന്ന് രക്ഷനേടാൻ വ്യക്തിഗത സുരക്ഷയും വളരെ പ്രധാനമാണ്. ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കാനും, നേരിട്ടുള്ള വെയിൽ പരമാവധി ഒഴിവാക്കാനും ശ്രദ്ധിക്കണം. അയഞ്ഞതും ഇളംനിറത്തിലുള്ളതുമായ വസ്ത്രങ്ങൾ ധരിക്കുന്നതും, ദിവസത്തിലെ ചൂടേറിയ സമയങ്ങളിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കുന്നതും വേനൽക്കാലത്തെ ബുദ്ധിമുട്ടുകൾ ഒരുപരിധി വരെ കുറയ്ക്കാൻ സഹായിക്കും.
The post ചൂടിൽ വലഞ്ഞ് യുഎഇ; സുഹൈൽ ഉദിച്ചാലും തണുപ്പ് പെട്ടെന്ന് ലഭിക്കില്ലെന്ന് മുന്നറിയിപ്പ്! appeared first on Express Kerala.




