
ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ തുടരുന്ന കനത്ത മഴയിലും ഉരുൾപൊട്ടലിലും മിന്നൽപ്രളയത്തിലും പെട്ട് നാല് തൊഴിലാളികൾ മരിച്ചു. ആർമി ക്യാമ്പിലേക്ക് വെള്ളം കയറി അഞ്ച് സൈനികരെ കാണാതായി. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഉണ്ടായ രണ്ട് വ്യത്യസ്ത അപകടങ്ങളിലാണ് വൻ ദുരന്തം സംഭവിച്ചത്.(Arunachal Pradesh Landslide Flash Floods Army Personnel Missing Four Labourers Feared Dead)
അപ്പർ സുബാൻസിരി ജില്ലയിലെ കിയോജറിംഗ്-ബയാച്ചിംഗ് റോഡ് വീതികൂട്ടൽ ജോലി നടന്നിരുന്ന സ്ഥലത്താണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിലിൽ നിരവധി പേർ അവശിഷ്ടങ്ങൾക്കടിയിൽപ്പെടുകയായിരുന്നു. ദിബാങ് വാലി ജില്ലയിലെ പാസു പാനി ആർമി ക്യാമ്പിലാണ് മിന്നൽപ്രളയമുണ്ടായത്. പ്രളയത്തിൽ ഫിഫ്ത് ഗ്രനേഡിയറിന്റെ രണ്ട് അഭയകേന്ദ്രങ്ങൾ ഒലിച്ചുപോകുകയും 7 സൈനികർ ഒഴുക്കിൽപ്പെടുകയും ചെയ്തു.
ഇതിൽ 2 പേരെ രക്ഷപ്പെടുത്തിയെങ്കിലും 5 സൈനികർക്കായി തിരച്ചിൽ തുടരുകയാണ്. സമീപത്തുള്ള സൈനിക പോസ്റ്റുകളിൽ നിന്നുള്ള രക്ഷാപ്രവർത്തകർ പ്രദേശത്ത് വ്യാപകമായ തിരച്ചിൽ നടത്തുന്നുണ്ട്. സംസ്ഥാനത്ത് മഴക്കെടുതിയിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം 10 കടന്നു. സംസ്ഥാന ദുരന്തനിവാരണ സേനയുടെ റിപ്പോർട്ട് അനുസരിച്ച് 235 റോഡുകൾ, 40 പാലങ്ങൾ, 12 ജലവൈദ്യുത പദ്ധതികൾ തുടങ്ങി വൻതോതിലുള്ള പൊതുമുതലുകൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
Story Summary
Heavy rain, landslides, and flash floods in Arunachal Pradesh have left four laborers feared dead and five army personnel missing. A flash flood hit an army camp in Dibang Valley, washing away military shelters, while a landslide buried workers in Upper Subansiri district.




