
വാരണാസി: വാരണാസി വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയ്ക്കിടെ യാത്രക്കാരന്റെ ലൈസൻസുള്ള തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി. സംഭവത്തിൽ തോക്കുടമയായ ഉത്തർപ്രദേശിലെ അസംഘഡ് സ്വദേശിയായ കമലേഷ് കേദർനാഥ് റായിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായി കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു (Varanasi Airport Accidental Firing). എയർ ഇന്ത്യ എക്സ്പ്രസിന്റെ IX-1810 മുംബൈ വിമാനത്തിൽ ഭാര്യയോടൊപ്പം യാത്ര ചെയ്യാനെത്തിയ റായിയുടെ കൈവശമുണ്ടായിരുന്ന പിസ്റ്റളിൽ നിന്നാണ് വെടിപൊട്ടിയത്. വിമാനത്തിൽ കയറുന്നതിന് മുമ്പുള്ള സുരക്ഷാ പരിശോധനയ്ക്കിടെയായിരുന്നു സംഭവം. പിസ്റ്റളിനൊപ്പം 21 വെടിയുണ്ടകളും യാത്രക്കാരൻ കൊണ്ടുവന്നിരുന്നു.
വെടിയേറ്റതിനെ തുടർന്ന് സ്വകാര്യ സുരക്ഷാ സംഘത്തിലെ രോഹിത് രാജ്, സമുന്‍ കുമാരി എന്നിവർക്ക് പരിക്കേറ്റു. ഇരുവരെയും ഉടൻ ന്യൂ ലക്ഷ്മി ട്രോമ സെന്ററിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രാദേശിക പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (BCAS) അന്വേഷണം നടത്തുകയാണ്. ലൈസൻസുള്ള തോക്ക് കൈകാര്യം ചെയ്യുന്നതിൽ യാത്രക്കാരന്റെ ഭാഗത്ത് വീഴ്ചയുണ്ടായോയെന്നും സുരക്ഷാ പരിശോധനാ നടപടികളിൽ എന്തെങ്കിലും പിഴവുണ്ടായോയെന്നും അന്വേഷണത്തിൽ പരിശോധിക്കും. സംഭവത്തെ തുടർന്ന് തോക്കുടമയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണത്തിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.
Summary: A licensed firearm accidentally discharged during security screening at Varanasi airport, injuring two private security personnel. The firearm owner, who was travelling to Mumbai with his wife, has been detained by police, while BCAS is investigating the incident.




