
മുംബൈ: യുവ ചലച്ചിത്ര നടി അനന്യ രാജ് (27) അന്തരിച്ചു (Ananya Raj pass away). ജൂലൈ 15-ന് പുലർച്ചെ ഉറക്കത്തിലായിരുന്നു അന്ത്യമെന്ന് കുടുംബം ഔദ്യോഗിക ഇൻസ്റ്റാഗ്രാം പ്രസ്താവനയിലൂടെ അറിയിച്ചു. ഒരു വർഷത്തിലേറെയായി നീണ്ടുനിന്ന ശാരീരികവും മാനസികവുമായ പ്രയാസങ്ങളോട് ധീരമായി പോരാടിയ ശേഷമാണ് യുവനടിയുടെ അപ്രതീക്ഷിത വിയോഗം.
മരണം സംഭവിച്ച് ഒരു മാസത്തിനുശേഷമാണ് കുടുംബം ഇൻസ്റ്റാഗ്രാമിലൂടെ വിവരം പുറത്തുവിട്ടത്. ദുഃഖകരമായ സാഹചര്യത്തിൽ കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്ന് അവർ അഭ്യർത്ഥിച്ചു. അനന്യ കരുത്തുറ്റ മനസ്സുള്ള പെൺകുട്ടിയായിരുന്നുവെന്നും ഒരു രാജ്ഞിയെപ്പോലെയാണ് ജീവിച്ചതെന്നും അവളില്ലാത്ത ലോകം ശൂന്യമായിരിക്കുമെന്നും കുടുംബം അനുസ്മരിച്ചു.
2016-ൽ പുറത്തിറങ്ങിയ ‘7 അവേഴ്സ് ടു ഗോ’ എന്ന ചിത്രത്തിലൂടെയാണ് അനന്യ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് 2017-ലെ ‘ദി ഫൈനൽ എക്സിറ്റ്’ (The Final Exit), 2019-ൽ പുറത്തിറങ്ങിയ ഹൊറർ ചിത്രം ‘ഗോസ്റ്റ്’ (Ghost) എന്നിവയിലെ പ്രകടനങ്ങളിലൂടെ ശ്രദ്ധ നേടി. ഹിന്ദിക്ക് പുറമെ തെലുങ്ക് ചിത്രങ്ങളായ ‘തഗ്ഗേഡെ ലെ’, ‘മദ്രസി ഗാങ്’ എന്നിവയിലും അഭിനയിച്ചിട്ടുണ്ട്.
Story Summary: Young Bollywood and Telugu actress Ananya Raj (27) passed away peacefully in her sleep on July 15 after fighting health issues for over a year, her family confirmed.




