
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 9 തീരദേശ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും (INCOIS) ജാഗ്രതാ നിർദ്ദേശം നൽകി (Kallakkadal warning Kerala). തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.
ഈ ജില്ലകളിലെ തീരങ്ങളിൽ തിങ്കളാഴ്ച രാവിലെ 8.30 മുതൽ രാത്രി 11.30 വരെ 0.9 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും ശക്തമായ കടലാക്രമണത്തിനും സാധ്യതയുണ്ട്. തിരുവനന്തപുരത്തെ കാപ്പിൽ മുതൽ പൊഴിയൂർ വരെയും, കൊല്ലത്ത് ആലപ്പാട്ട് മുതൽ ഇടവ വരെയും, ആലപ്പുഴയിൽ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെയും, എറണാകുളത്ത് മുനമ്പം മുതൽ മറുവക്കാട് വരെയും കടലാക്രമണ സാധ്യത ശക്തമാണ്.
ഇതിനുപുറമെ തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രധാന തീരങ്ങളിലും ഞായർ രാത്രി മുതൽ ചൊവ്വ രാത്രി 11.30 വരെ കന്യാകുമാരി തീരത്തും ഉയർന്ന തിരമാല മുന്നറിയിപ്പുണ്ട്.
ജാഗ്രതാ നിർദ്ദേശങ്ങൾ:
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ള അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം.
ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും പൂർണ്ണമായും ഒഴിവാക്കുക.
ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരവും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായി ഒഴിവാക്കണം.
മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിത അകലത്തിൽ കെട്ടിയിട്ട് സൂക്ഷിക്കുക.
Story Summary: IMD and INCOIS issued a swell surge (Kallakkadal) alert for 9 coastal districts in Kerala, predicting high waves up to 1.5 meters and sea erosion from Monday morning.




