
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീന്റെ നേതൃത്വത്തിലുള്ള പുതിയ ദേശീയ ഭാരവാഹി സംഘത്തെ പാർട്ടി പ്രഖ്യാപിച്ചു. പ്രാദേശിക പ്രാതിനിധ്യത്തിനും പരിചയസമ്പന്നരായ നേതാക്കൾക്കൊപ്പം പുതുമുഖങ്ങൾക്കും പ്രധാന ചുമതലകൾ നൽകുന്നതിനുമാണ് പുതിയ പട്ടികയിൽ മുൻതൂക്കം. (Smriti Irani BJP comeback)
മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ദേശീയ ജനറൽ സെക്രട്ടറിയായി വീണ്ടും സംഘടനാ രംഗത്ത് സജീവമാക്കിയതാണ് പുതിയ പട്ടികയിലെ പ്രധാന ശ്രദ്ധാകേന്ദ്രം. രാജസ്ഥാനിലെ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ ദേശീയ വൈസ് പ്രസിഡന്റായി തുടരും. 13 ദേശീയ വൈസ് പ്രസിഡന്റുമാരിൽ ആറുപേർ വനിതകളാണ്. നാല് വനിതകൾ ദേശീയ സെക്രട്ടറിമാരായും ഒരു വനിത ദേശീയ ജനറൽ സെക്രട്ടറിയായും നിയമിതരായിട്ടുണ്ട്.
കേരളം, പശ്ചിമ ബംഗാൾ, ഒഡീഷ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവയ്ക്ക് പുതിയ സംഘത്തിൽ ശ്രദ്ധേയമായ പ്രാതിനിധ്യമാണ് ലഭിച്ചത്. ആം ആദ്മി പാർട്ടി വിട്ട സന്ദീപ് പാഠക് ദേശീയ സെക്രട്ടറിയായി നിയമിതനായി. വടക്കുകിഴക്കൻ മേഖലയുടെ കോർഡിനേറ്ററായി സംബിത് പാത്ര ചുമതലയേറ്റു. ദേശീയ വൈസ് പ്രസിഡന്റുമാരുടെ പട്ടികയിൽ ഉത്തരാഖണ്ഡിലെ തീരത് സിങ് റാവത്ത്, ഡൽഹിയിൽ നിന്നുള്ള രാം മാധവ്, ഒഡീഷയിലെ ബൈജയന്ത് പാണ്ഡ, ആന്ധ്രപ്രദേശിലെ ഡി. പുരന്ദേശ്വരി, ഉത്തർപ്രദേശിലെ രേഖ വർമ്മ, പഞ്ചാബിലെ സർദാർ മൻപ്രീത് സിങ് ബാദൽ തുടങ്ങിയവരും ഉൾപ്പെടുന്നു.
വർഷബെൻ നരേന്ദ്രഭായ് ദോഷി, ഡോ. ഭാരതി പ്രവീൺ പവാർ, ലാൽ സിങ് ആര്യ, എം. നാഗരാജ്, താരിഖ് മൻസൂർ, മധുച്ഛന്ദ കർ എന്നിവരും ദേശീയ വൈസ് പ്രസിഡന്റുമാരുടെ സംഘത്തിലുണ്ട്. ബി.എൽ. സന്തോഷ് ദേശീയ ജനറൽ സെക്രട്ടറി (ഓർഗനൈസേഷൻ) സ്ഥാനത്ത് തുടരും. ശിവ് പ്രകാശ്, സൗദാൻ സിങ് എന്നിവർ ജോയിന്റ് ജനറൽ സെക്രട്ടറിമാരായും തുടരും.
പാർട്ടിയുടെ ആശയവിനിമയ തന്ത്രത്തിന്റെ ചുമതല അനിൽ ബാലുനിക്ക് മീഡിയ കോർഡിനേറ്ററായി നൽകി. ആശിഷ് ഉഷ അഗർവാൾ, പ്രദീപ് ഭണ്ഡാരി, സിദ്ധാർഥ് യാദവ് എന്നിവർ ജോയിന്റ് കോർഡിനേറ്റർമാരാകും. സോഷ്യൽ മീഡിയ കോർഡിനേറ്ററായി ദീപക് മ്ഹാസ്കെയെ നിയമിച്ചപ്പോൾ പ്രീതി ഗാന്ധി, ശിവാനന്ദ് ദ്വിവേദി, അലോക് ഭട്ട്, അരുൺ യാദവ് എന്നിവർ ജോയിന്റ് കോർഡിനേറ്റർമാരായി പ്രവർത്തിക്കും.
പുതിയ ഭാരവാഹി പട്ടികയിൽ വനിതാ പ്രാതിനിധ്യത്തിനും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കൾക്കും നൽകിയ പ്രാധാന്യം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ടുള്ള ബിജെപിയുടെ സംഘടനാ പുനഃക്രമീകരണത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. സ്മൃതി ഇറാനിയുടെ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള തിരിച്ചുവരവും ഈ പുനഃസംഘടനയിലെ പ്രധാന രാഷ്ട്രീയ നീക്കമായി മാറിയിരിക്കുകയാണ്.
Summary: The BJP has announced its new national team under president Nitin Nabin, with former Union minister Smriti Irani returning as a national general secretary. The reshuffle also gives significant representation to women and leaders from southern, eastern and northeastern states ahead of upcoming assembly elections.




