ഉന്നതർ വിജിലൻസ് അന്വേഷണം നേരിടേണ്ടി വന്നേക്കും, കടുപ്പിച്ച് ഹൈക്കോടതി, ന്യായീകരിച്ച ടി ആസിഫലിയും ‘വിവരമറിഞ്ഞു’

ഉന്നതർ വിജിലൻസ് അന്വേഷണം നേരിടേണ്ടി വന്നേക്കും, കടുപ്പിച്ച് ഹൈക്കോടതി, ന്യായീകരിച്ച ടി ആസിഫലിയും ‘വിവരമറിഞ്ഞു’

ബോഡി ബിൽഡർമാർക്ക് ഇൻസ്പെക്ടർമാരായി നിയമനം നൽകിയ നടപടിയിൽ ചീഫ് സെക്രട്ടറിയ്ക്കും സംസ്ഥാന പൊലീസ് മേധാവിക്കും എഡിജിപി ശ്രീജിത്തിനും എതിരെ വിജിലൻസ് അന്വേഷണത്തിനുള്ള സാധ്യത തെളിയുന്നു. ഹൈക്കോടതിയിൽ വാദം പൂർത്തിയായിരിക്കെ നിയമ വിദഗ്ദരാണ് ഇതിനുള്ള സാധ്യത ചൂണ്ടിക്കാട്ടുന്നത്. ബോഡി ബിൽഡർമാർക്ക് ഇൻസ്പെക്ടർ നിയമനം നൽകിയ നടപടിയ്ക്ക് എതിരെ ഇന്നും കോടതിയിൽ ചൂടേറിയ വാദങ്ങളാണ് നടന്നത്. ഉദ്യോഗസ്ഥരെ ന്യായീകരിക്കാൻ ഇറങ്ങിയ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ആസിഫ് അലിയും ഹർജിക്കാരൻ്റെ അഭിഭാഷകൻ്റെ ചൂടറിഞ്ഞു.

ഇടതുപക്ഷ ഭരണകാലത്ത് സർക്കാർ നടത്തിയ അഴിമതിക്കെതിരെ ചാനലിൽ വന്നിരുന്ന് പ്രസംഗം നടത്തിയ ആളാണ് ഇപ്പോൾ അഴിമതിക്കാർക്ക് അനുകൂലമായി വാദിക്കുന്നത് എന്നാണ് ഹർജിക്കാരൻ്റെ അഭിഭാഷകൻ തുറന്നടിച്ചത്. എന്തുകൊണ്ട് ഈ പരാതി വിജിലൻസ് അന്വേഷിക്കണമെന്നതിൻ്റെ കാരണവും അക്കമിട്ട് അദ്ദേഹം നിരത്തുകയുണ്ടായി. തുടർന്നാണ് കോടതി ചില സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയത്. ‘100 മീറ്റർ ഷോട്ട്പുട്ട് എറിയാൻ കഴിയാത്തവർക്ക് സിഐ പോസ്റ്റ് എന്തിന് നൽകി എന്നതായിരുന്നു കോടതി ഡയറകടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് ആദ്യം ചോദിച്ചിരുന്നത്. കേരള പൊലീസിൽ സ്പോർട്സ് ക്വാട്ടയിൽ ബോഡി ബിൽഡർമാരെ നേരിട്ട് സർക്കിൾ ഇൻസ്പെക്ടർമാരായി നിയമിച്ച നടപടിയിൽ സർക്കാരിനെതിരെ കടത്ത വിമർശനം തന്നെയാണ് വീണ്ടും കോടതി ഉയർത്തിയത്.

യോഗ്യരായ രാജ്യാന്തര ഫുട്ബോൾ താരങ്ങളെ തഴഞ്ഞാണ് കായികക്ഷമതയില്ലാത്ത രണ്ടുപേർക്ക് ചട്ടങ്ങൾ മറികടന്ന് നിയമനം നൽകിയതെന്നും കോടതി വാക്കാൽ നിരീക്ഷിക്കുകയുണ്ടായി. യോഗ്യതയില്ലാത്തവരെ നിയമിക്കുന്നതിൽ അഴിമതിയുണ്ടെന്ന് വ്യക്തമാക്കിയ കോടതി, ഈ നിയമനം ചോദ്യം ചെയ്ത് നൽകിയ ഹരജി പരിഗണിക്കവെയാണ് കഴിഞ്ഞ ഇടത് സർക്കാരിനെതിരെ സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയത്.

ശാരീരികക്ഷമത പരീക്ഷ ജയിക്കാത്ത ഇവർക്ക് നേരിട്ട് സിഐ നിയമനം നൽകിയത്, വർഷങ്ങളായി പ്രമോഷൻ കാത്തിരിക്കുന്ന നിരവധി സബ് ഇൻസ്പെക്ടർമാരുടെ മുകളിലൂടെയാണ് എന്നതും കോടതി എടുത്തു പറഞ്ഞു. ഒരു പണിയും എടുക്കാതെ ശമ്പളം വാങ്ങാൻ ചിലർ ശ്രമിക്കുകയാണെന്നും, ആവശ്യമില്ലാത്ത ആളുകളെ നിയമിക്കുന്നതിന് പിന്നിൽ വലിയ അഴിമതിയുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ജസ്റ്റിസ് ബദറുദീൻ പറയുകയുണ്ടായി.

കേരളം കണ്ട എക്കാലത്തെയും മികച്ച രാജ്യാന്തര ഫുട്ബോൾ താരങ്ങളായ ഐ.എം വിജയൻ, ഷറഫലി, കെ.ടി ചാക്കോ എന്നിവർക്ക് പോലും ചട്ടപ്രകാരം എഎസ്ഐ പോസ്റ്റിലാണ് നിയമനം നൽകിയതെന്നതും കോടതി ഓർമിപ്പിച്ചു. അവർ കൃത്യമായി ജോലി ചെയ്താണ് ശമ്പളം വാങ്ങിയത്. എന്നാൽ യാതൊരു യോഗ്യതയുമില്ലാത്ത രണ്ടുപേർക്ക് നേരിട്ട് സിഐ റാങ്കിലേക്ക് പ്രവേശനം നൽകിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും ഹൈക്കോടതി ചോദിച്ചു. സാധാരണഗതിയിൽ ചട്ടപ്രകാരമാണെങ്കിൽ ഇവർക്കും എഎസ്ഐ ആയി മാത്രമേ നിയമനം നൽകാൻ പാടുള്ളൂ എന്നാണ് കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

See also  തിരിച്ചടിയിൽ ഒതുങ്ങില്ല, ഇനി മുൻകൈയെടുക്കും; ശത്രുക്കൾക്ക് മുന്നറിയിപ്പുമായി ഇറാന്റെ പുതിയ സൈനിക തന്ത്രം!

ഈ നിയമനത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വലിയ വീഴ്ചകൾ സംഭവിച്ചതായും കോടതി കണ്ടെത്തിയിട്ടുണ്ട്. സ്പോർട്സ് ക്വാട്ട നിയമനത്തിൽ ആദ്യം ക്യാബിനറ്റാണ് തീരുമാനമെടുത്തത്. എന്നാൽ പിന്നീട് ഇവർ കായികക്ഷമതാ പരീക്ഷയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഫയൽ ചീഫ് സെക്രട്ടറിയുടെ മുന്നിലെത്തി. ഈ സാഹചര്യത്തിൽ ചീഫ് സെക്രട്ടറി ചെയ്യേണ്ടിയിരുന്നത് ഫയൽ ക്യാബിനറ്റിലേക്ക് തിരിച്ചയക്കുകയോ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയോ ആയിരുന്നു. എന്നാൽ ഇവിടെ അതുണ്ടായില്ല എന്നും ചട്ടങ്ങൾ കർശനമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

കായികക്ഷമതാ പരീക്ഷയിൽ പരാജയപ്പെട്ടവരെ പൊലീസിൽ എടുക്കരുതെന്ന് ബറ്റാലിയൻ എഡിജിപി ഫയലിൽ എഴുതിയപ്പോൾ, ഇവർക്ക് അനുകൂലമായ ശുപാർശയാണ് അഡ്‌മിനിസ്ട്രേഷൻ എഡിജിപി ആയിരുന്ന എസ് ശ്രീജിത്ത് ഡിജിപി രവത ചന്ദ്രശേഖറിന് നൽകിയിരുന്നത്. ഈ ഫയലിൽ ഒപ്പിട്ടതാണ് സംസ്ഥാന പൊലീസ് മേധാവിക്കും ഇപ്പോൾ കുരുക്കായി മാറിയിരിക്കുന്നത്. ഹൈക്കോടതി വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടാൽ, ശ്രീജിത്തിനും രവത ചന്ദ്രശേഖറിനും പുറമെ, ചീഫ് സെക്രട്ടറിയും വിജിലൻസ് അന്വേഷണം നേരിടേണ്ടതായി വരും. അങ്ങനെ സംഭവിച്ചാൽ ഇവർക്ക് തൽസ്ഥാനത്ത് തുടരുന്നതും ബുദ്ധിമുട്ടാകും. അഭിഭാഷകനായ കെ എം ഷാജഹാനാണ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഇന്ന് അദ്ദേഹം നേരിട്ട് കോടതിയിൽ ഹാജരാവുകയും ചെയ്തിരുന്നു.

STAFF REPORTER

വീഡിയോ കാണാം…

The post ഉന്നതർ വിജിലൻസ് അന്വേഷണം നേരിടേണ്ടി വന്നേക്കും, കടുപ്പിച്ച് ഹൈക്കോടതി, ന്യായീകരിച്ച ടി ആസിഫലിയും ‘വിവരമറിഞ്ഞു’ appeared first on Express Kerala.

Spread the love
Scroll to Top