ഒഡീഷയിൽ സ്വന്തമായി കഞ്ചാവുതോട്ടം നടത്തി അവിടെനിന്നും ഉത്പാദിപ്പിച്ച കഞ്ചാവ് ട്രോളിബാഗിലാക്കി ട്രെയിൻ മാർഗ്ഗം കേരളത്തിലേക്ക് കടത്തിയ രണ്ട് ഒഡീഷ സ്വദേശികളായ സഹോദരങ്ങളെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ വെച്ച് പോലീസ് പിടികൂടി. ബാപ്പുജി ദിഗൽ, ഹിറോദൽ ദിഗൽ എന്നീ സഹോദരങ്ങളാണ് 15 കിലോയോളം വരുന്ന കഞ്ചാവുമായി പിടിയിലായിരിക്കുന്നത്.
ഇവർക്ക് സ്വന്തമായി കഞ്ചാവുതോട്ടമുണ്ടെന്നും, അവിടെനിന്ന് കഞ്ചാവ് ഉത്പാദിപ്പിച്ച് ഉണക്കി കേരളത്തിലേക്ക് കടത്തുകയായിരുന്നു പതിവെന്നും ഇവർ പോലീസിനോട് ചോദ്യംചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. ഈ സംഘത്തെക്കുറിച്ചുള്ള രഹസ്യവിവരം നേരത്തെ തന്നെ പോലീസിന് ലഭിച്ചിരുന്നതിനാൽ റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന ശക്തമാക്കിയിരുന്നു. ഒഡീഷയിൽനിന്ന് ട്രെയിനിൽ വരുമ്പോൾ എറണാകുളത്തുവെച്ച് കഞ്ചാവ് ഇറക്കാൻ സഹോദരങ്ങൾ ശ്രമിച്ചെങ്കിലും, അവിടെ പോലീസ് പരിശോധന ശക്തമായത് ശ്രദ്ധയിൽപ്പെട്ടതോടെ ഇവർ ആ പദ്ധതിയിൽ നിന്ന് പിന്തിരിയുകയായിരുന്നു. തുടർന്ന് കൊല്ലത്ത് എത്തുകയായിരുന്നു ഇവർ.
ALSO READ;‘ഒമാനെ ബോംബിട്ട് തകർക്കുമെന്ന് ട്രംപിന്റെ ഭീഷണി’; ഇറാൻ ഉപരോധത്തിൽ കടുപ്പിച്ച് അമേരിക്ക!
കൊല്ലത്ത് ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി ഡാൻസാഫ് സംഘമടക്കം റെയിൽവേ സ്റ്റേഷനിൽ കർശന പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് ഈ സഹോദരങ്ങളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കൊല്ലം റെയിൽവേ പോലീസ് എസ്.ഐ.യുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ തടഞ്ഞുനിർത്തി പരിശോധിച്ചത്. ട്രോളിബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെടുത്തത്. ഈ കടത്തലിന് പിന്നിൽ മറ്റേതെങ്കിലും വലിയ കണ്ണികളോ സംഘങ്ങളോ ഉണ്ടോ എന്ന് പോലീസ് ഇപ്പോൾ വിശദമായി അന്വേഷിച്ചുവരികയാണ്. പിടിയിലായ പ്രതികളെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.
The post സ്വന്തമായി കഞ്ചാവുതോട്ടം, ട്രോളിബാഗിൽ കടത്ത്; കൊല്ലത്ത് 15 കിലോ കഞ്ചാവുമായി സഹോദരങ്ങൾ പിടിയിൽ! appeared first on Express Kerala.




