
ബെംഗളൂരു: കുടുംബവഴക്കിനെ തുടർന്ന് കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തി യുവതി. ബെംഗളൂരുവിലെ ചിക്കബൻവാരയിലാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം അരങ്ങേറിയത്. അഭിനന്ദൻ (34), അഞ്ചു വയസുകാരനായ മകൻ യദുവീർ എന്നിവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ഭാര്യ ഹരിണിയെയും കാമുകൻ വിനയ്‌യെയും പോലീസ് അറസ്റ്റ് ചെയ്തു.
അഭിനന്ദനും ഹരിണിയും തമ്മിൽ നിരന്തരം വഴക്കുകൾ പതിവായിരുന്നു. സംഭവദിവസം രാത്രി ഉറങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനിടയിൽ ഹരിണി അഭിനന്ദനെ തവി കൊണ്ട് അടിക്കുകയും, തുടർന്ന് ഇരുവരും വെവ്വേറെ മുറികളിൽ ഉറങ്ങാൻ പോവുകയും ചെയ്തു.
Also Read: കരുവാറ്റ കൊലപാതകം! ശിവൻകുട്ടി നേരിട്ടത് കടുത്ത ക്രൂരത; മുഖ്യസൂത്രധാര എട്ടാം ക്ലാസുകാരി
പിന്നീട് രാത്രിയിൽ ഹരിണി തന്റെ കാമുകനായ വിനയ്‌യെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇരുവരും ചേർന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന അഭിനന്ദനെ മർദ്ദിക്കുകയും തുടർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്തു. ഈ സമയം ബഹളം കേട്ട് എഴുന്നേറ്റ് വന്ന അഞ്ചു വയസുകാരനായ മകൻ യദുവീർ അച്ഛനെ കൊലപ്പെടുത്തുന്നത് നേരിൽ കണ്ടു. സാക്ഷി ഇല്ലാതാക്കാനും വിവരം പുറത്തുപറയാതിരിക്കാനുമായി ഹരിണി ക്രൂരമായി മകന്റെ മുഖത്ത് തലയിണ അമർത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം വീട്ടിലെ രക്തക്കറകൾ കഴുകിക്കളഞ്ഞ് തെളിവ് നശിപ്പിക്കാനും പ്രതികൾ ശ്രമിച്ചു.
കൊലപാതക വിവരം പുറത്തറിഞ്ഞതിന് പിന്നാലെ പോലീസ് നടത്തിയ നീക്കത്തിൽ ഹരിണി പിടിയിലായി. ഒളിവിൽ പോയ വിനയ് പിന്നീട് പോലീസിന്റെ പിടിയിലാകുകയായിരുന്നു. കൊല്ലപ്പെട്ട അഭിനന്ദന്റെയും യദുവീറിന്റേയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി സ്വന്തം ഗ്രാമത്തിലേക്ക് കൊണ്ടുപോകും.
The post ബെംഗളൂരുവിൽ ക്രൂരകൃത്യം; ഭർത്താവിനെയും മകനെയും കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി appeared first on Express Kerala.




