വാഴക്കാട് ഫാമിലി ഹെൽത്ത് സെന്ററിലെ ഒ പി താഴത്തെ നിലയിലേക്ക് മാറ്റണം; ‘പരിവാർ’ പ്രത്യക്ഷ സമരത്തിലേക്ക് | Vazhakkad Family Health Centre

വാഴക്കാട് ഫാമിലി ഹെൽത്ത് സെന്ററിലെ ഒ പി താഴത്തെ നിലയിലേക്ക് മാറ്റണം; ‘പരിവാർ’ പ്രത്യക്ഷ സമരത്തിലേക്ക് | Vazhakkad Family Health Centre

Family Health Centre

റിപ്പോർട്ട്: അൻവർ ഷരിഫ്

വാഴക്കാട്: വാഴക്കാട് പഞ്ചായത്ത് ഫാമിലി ഹെൽത്ത് സെന്ററിലെ (FHC) ഒ.പി. വിഭാഗം താഴത്തെ നിലയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ‘പരിവാർ’ വാഴക്കാട് പഞ്ചായത്ത് കമ്മിറ്റി പ്രത്യക്ഷ സമരത്തിലേക്ക്. ഒ.പി. പരിശോധന മുകളിലത്തെ നിലയിലായതിനാൽ തീവ്ര ഭിന്നശേഷിക്കാർക്കും വയോധികർക്കും വലിയ ബുദ്ധിമുട്ട് നേരിടുന്നതായാണ് സംഘടനയുടെ ആരോപണം. (Vazhakkad Family Health Centre)

അപകടക്കേസുകൾ, ഹൃദയാഘാതം ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിലെ രോഗികൾക്ക് മുകളിലത്തെ നിലയിലുള്ള ഡോക്ടറുടെ അടുത്തെത്തുന്നതിന് നേരിടുന്ന കാലതാമസം ഗുരുതര പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുന്നുവെന്നും സംഘടന ചൂണ്ടിക്കാട്ടി. പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കലക്ടർ ഉൾപ്പെടെയുള്ള ബന്ധപ്പെട്ട അധികാരികൾക്കും എം.എൽ.എ. അടക്കമുള്ള ജനപ്രതിനിധികൾക്കും നിരവധി തവണ അപേക്ഷകളും നിവേദനങ്ങളും നൽകിയിട്ടും നടപടിയുണ്ടായിട്ടില്ലെന്നാണ് പരാതി.
പഞ്ചായത്ത് ഭരണസമിതിയും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയും സർവകക്ഷി യോഗവും ഒ.പി. താഴത്തെ നിലയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് പ്രമേയങ്ങൾ പാസാക്കിയിട്ടും പ്രശ്നത്തിന് പരിഹാരമായില്ലെന്നും ‘പരിവാർ’ ഭാരവാഹികൾ പറഞ്ഞു.

ഈ സാഹചര്യത്തിലാണ് ഒ.പി. വിഭാഗം താഴത്തെ നിലയിലേക്ക് മാറ്റി പ്രശ്നം പരിഹരിക്കുന്നതുവരെ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടുപോകാൻ സംഘടന തീരുമാനിച്ചത്. സമരത്തിന്റെ ആദ്യഘട്ടമായി മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരെയും അവരുടെ രക്ഷിതാക്കളെയും പങ്കെടുപ്പിച്ച് സെപ്റ്റംബർ ആദ്യവാരത്തിൽ ആശുപത്രിപ്പടിക്കൽ ധർണ നടത്താനാണ് തീരുമാനം. വാഴക്കാട് ചാന്ദ്നി ഓഡിറ്റോറിയത്തിൽ ചേർന്ന ‘പരിവാർ’ വാഴക്കാട് പഞ്ചായത്ത് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പഞ്ചായത്ത് പ്രസിഡന്റ് ആലിക്കുട്ടി ഊർക്കടവ് അധ്യക്ഷത വഹിച്ചു. ജില്ലാ ഉപാധ്യക്ഷൻ കരീം എളമരം യോഗം ഉദ്ഘാടനം ചെയ്തു. സൗദ ആക്കോട് സ്വാഗതവും മുനീറ അസ്‌മചിടിക്കുഴി നന്ദിയും പറഞ്ഞു.

Summary: Parivar Vazhakkad Panchayat Committee has decided to launch a protest demanding that the OP department of Vazhakkad Family Health Centre be shifted to the ground floor. The organisation said elderly people, persons with severe disabilities and emergency patients face difficulties because the OP is currently located on an upper floor.

See also  അമേരിക്കയുടെ കടം 40 ട്രില്യൺ ഡോളർ കടന്നു!
Spread the love
Scroll to Top