
ന്യൂഡൽഹി: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സിംഗിൾസിൽ ഇന്ത്യയുടെ പ്രതീക്ഷകൾ അസ്തമിച്ചു. പുരുഷ സിംഗിൾസിൽ ആയുഷ് ഷെട്ടിയും വനിതാ സിംഗിൾസിൽ പി.വി. സിന്ധുവും പ്രീ ക്വാർട്ടറിൽ തോറ്റ് പുറത്തായി (World Badminton Championships PV Sindhu exit). അതേസമയം പുരുഷ, വനിതാ ഡബിൾസുകളിൽ ഇന്ത്യൻ സഖ്യങ്ങൾ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി.
വനിതാ സിംഗിൾസിൽ ലോക രണ്ടാം നമ്പർ താരമായ ചൈനയുടെ വാങ് സിയിക്കെതിരെ കടുത്ത പോരാട്ടം കാഴ്ചവെച്ച ശേഷമാണ് സിന്ധു കീഴടങ്ങിയത്. സ്കോർ: 21-11, 15-21, 21-17. ആദ്യ ഗെയിം നഷ്ടമായ ശേഷം രണ്ടാം ഗെയിം തിരിച്ചുപിടിച്ചെങ്കിലും നിർണായകമായ മൂന്നാം ഗെയിമിൽ ചൈനീസ് താരം വിജയം സ്വന്തമാക്കുകയായിരുന്നു. പുരുഷ സിംഗിൾസിൽ ഇന്തൊനേഷ്യയുടെ ആൽവി ഫർഹാനോട് നേരിട്ടുള്ള ഗെയിമുകൾക്കാണ് ആയുഷ് ഷെട്ടി തോറ്റത് (21-19, 21-11).
എന്നാൽ പുരുഷ ഡബിൾസിൽ സാത്വിക് സായ്രാജ് രങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യം ക്വാർട്ടറിലേക്ക് മുന്നേറി. മലേഷ്യയുടെ യാപ് റോയ് കിങ് – ജുനൈദി ആരിഫ് സഖ്യത്തെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് ഇന്ത്യൻ ജോഡി തോൽപ്പിച്ചത് (21-23, 21-19, 21-17). നേരത്തെ വനിതാ ഡബിൾസിൽ ട്രീസാ ജോളി – ഗായത്രി ഗോപീചന്ദ് സഖ്യവും ക്വാർട്ടർ ഫൈനലിൽ ഇടം നേടിയിരുന്നു.
Story Summary: PV Sindhu and Ayush Shetty exited the World Badminton Championships in the pre-quarters, while Satwik-Chirag and Treesa-Gayatri pairs advanced to the quarters.




