
തൃശൂർ: ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിൽ അഖിലേന്ത്യ നേതൃത്വത്തിനും പ്രവർത്തന ശൈലിക്കുമെതിരെ രൂക്ഷ വിമർശനം. ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ക്യാമ്പയിനുകൾ ഏറ്റെടുക്കുന്നതിൽ അഖിലേന്ത്യ നേതൃത്വം പരാജയപ്പെട്ടുവെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി. ജെ.സി.പി നടത്തിയ പ്രതിഷേധ സമരങ്ങൾക്ക് ശരിക്കും നേതൃത്വം നൽകേണ്ടിയിരുന്നത് ഡിവൈഎഫ്‌ഐ ആയിരുന്നുവെന്നും, എന്നാൽ ഈ സമരത്തിൽ എ.എ. റഹീമിന് മാത്രമാണ് സമരത്തിന്റെ മുഖമാകാൻ കഴിഞ്ഞതെന്നും യോഗത്തിൽ വിലയിരുത്തലുണ്ടായി.
പാലക്കാട്, എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലാ കമ്മിറ്റികളാണ് പ്രവർത്തന റിപ്പോർട്ടിന്മേൽ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചത്. സംഘടന രൂപംകൊണ്ട പഞ്ചാബിൽ പോലും സ്വാധീനം നഷ്ടപ്പെടുന്നതായി സമ്മേളനത്തിൽ അഭിപ്രായമുയർന്നു. ക്വട്ടേഷൻ, ലഹരി സംഘങ്ങളെ സംഘടനയിൽ നിന്ന് കർശനമായി അകറ്റി നിർത്തണമെന്നും, സംഘടനയിൽ മതിയായ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.
പുതുതലമുറയെ അഥവാ ജെൻ സി വിഭാഗത്തെ സംഘടനയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി അടിമുടി മാറ്റങ്ങൾ വേണമെന്നാണ് പ്രധാന നിർദ്ദേശം. പരമ്പരാഗത രീതികൾ ഉപേക്ഷിച്ച്, കാലത്തിനനുസരിച്ച് പ്രവർത്തനശൈലി മാറ്റണമെന്നും നേതാക്കളുടെ വസ്ത്രധാരണത്തിൽ പോലും നവീനമായ മാറ്റങ്ങൾ വേണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.
The post ‘ജെൻ സി’ തലമുറയെ ആകർഷിക്കാൻ അടിമുടി മാറ്റം വേണം; വസ്ത്രധാരണത്തിലും ശൈലിയിലും മാറ്റം ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രതിനിധികൾ! appeared first on Express Kerala.




