
ഡേകെയറിലാക്കാൻ മറന്ന് മണിക്കൂറുകളോളം ചുട്ടുപൊള്ളുന്ന കാറിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട പത്ത് മാസം പ്രായമുള്ള പെൺകുഞ്ഞ് ദാരുണമായി മരിച്ചു. അമേരിക്കലെ കെന്റക്കിയിലുള്ള മാഡിസൺവില്ലയിലാണ് മനസ്സാക്ഷിയെ വിറങ്ങലിപ്പിക്കുന്ന ഈ ദുരന്തം നടന്നത്. 61 കാരിയായ ഡോ. സ്റ്റേസി ഫാസെൻബേക്കർ എന്ന മുത്തശ്ശിയുടെ അശ്രദ്ധയിലാണ് സ്കോട്ടി ഗ്വിൻ ക്രോവൽ എന്ന പിഞ്ചുകുഞ്ഞിന്റെ ജീവൻ പൊലിഞ്ഞത്. താൻ ജോലി ചെയ്യുന്ന മെഡിക്കൽ ക്ലിനിക്കിന് പുറത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ എട്ട് മണിക്കൂറോളമാണ് കുഞ്ഞ് അനങ്ങാൻ പോലുമാകാതെ കിടന്നത്.
ഓഗസ്റ്റ് 13-നായിരുന്നു നാടിനെ ഒന്നാകെ കണ്ണീരിലാഴ്ത്തിയ സംഭവം നടന്നത്. രാവിലെ കുഞ്ഞിനെ ഡേകെയറിലാക്കാമെന്ന് ഏറ്റാണ് മുത്തശ്ശി ഡോ. സ്റ്റേസി പേരക്കുട്ടിയുമായി വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ ഡേകെയറിലേക്ക് പോകുന്നതിന് പകരം ഇവർ നേരെ താൻ ജോലി ചെയ്യുന്ന ക്ലിനിക്കിലേക്ക് വണ്ടിയോടിച്ചു പോവുകയായിരുന്നു. പിൻസീറ്റിൽ കുഞ്ഞുണ്ടെന്ന കാര്യം പൂർണ്ണമായും മറന്ന ഡോക്ടർ, കാർ പാർക്ക് ചെയ്ത ശേഷം റൂട്ടീൻ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. അന്ന് പ്രദേശത്ത് 35 ഡിഗ്രി സെൽഷ്യസ് (95 ഡിഗ്രി ഫാരൻഹീറ്റ്) ചൂടാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ അടച്ചിട്ട കാറിനുള്ളിലെ താപനില ഭയാനകമായ വിധം 46 ഡിഗ്രി സെൽഷ്യസ് (115 ഡിഗ്രി ഫാരൻഹീറ്റ്) വരെ ഉയർന്നതായി വി.ഇ.എച്ച്.ടി ടിവി വാർത്താ സ്റ്റേഷൻ റിപ്പോർട്ട് ചെയ്യുന്നു.
Also Read: ബൈക്കിന് സൈഡ് കൊടുക്കാത്തതിൽ തർക്കം; വിതുരയിൽ കെഎസ്ആർടിസി ഡ്രൈവറെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു!
വൈകുന്നേരം 4 മണിയോടെ കുഞ്ഞിന്റെ പിതാവ് അവളെ കൂട്ടിക്കൊണ്ടുപോകാൻ ഡേകെയറിലെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിയുന്നത്. രാവിലെ കുഞ്ഞിനെ അവിടെ ആരും കൊണ്ടുവന്നിട്ടില്ലെന്ന് ജീവനക്കാർ അറിയിച്ചതോടെ പിതാവ് പരിഭ്രാന്തനായി അന്വേഷണം ആരംഭിച്ചു. തുടർന്ന് വിവരമറിഞ്ഞ മുത്തശ്ശിയും മറ്റ് സഹപ്രവർത്തകരും ഉടൻ തന്നെ പാർക്കിംഗ് ഏരിയയിലേക്ക് ഓടിയെത്തിയെങ്കിലും അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസും പ്രാഥമിക ജീവൻ രക്ഷാ നടപടികൾ സ്വീകരിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ മാഡിസൺവില്ല പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രാഥമിക പരിശോധനകളിൽ മുത്തശ്ശി മദ്യമോ മറ്റ് ലഹരിവസ്തുക്കളോ ഉപയോഗിച്ചിട്ടില്ലെന്നാണ് സൂചന. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷം ഗ്രാൻഡ് ജൂറിക്ക് മുന്നിൽ കേസിന്റെ കുറ്റപത്രം സമർപ്പിക്കുമെന്ന് പോലീസ് മേജർ ജേസൺ മക്നൈറ്റ് വ്യക്തമാക്കി. ഒരു വർഷം മുൻപാണ് മകൾ സിഡ്നി ക്രോവലിനും കുടുംബത്തിനും ഒപ്പം താമസിക്കാനായി ഡോ. സ്റ്റേസി മാഡിസൺവില്ലയിലേക്ക് താമസം മാറിയത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇൻ വിട്രോ ഫെർട്ടിലൈസേഷൻ വഴി ജനിച്ച തങ്ങളുടെ രണ്ടാമത്തെ കൺമണിയുടെ വേർപാടിൽ തകർന്നിരിക്കുകയാണ് മാതാപിതാക്കളായ സിഡ്നിയും ഭർത്താവും.
The post അടച്ചിട്ട കാറിൽ 8 മണിക്കൂർ, താപനില 46 ഡിഗ്രി; ഡോക്ടറായ മുത്തശ്ശിയുടെ അശ്രദ്ധയിൽ പൊലിഞ്ഞത് കുരുന്നിന്റെ ജീവൻ! appeared first on Express Kerala.




