
തിരുവനന്തപുരം: പുലിക്കളി വിമര്‍ശനത്തില്‍ പ്രമുഖ നാടക-ചലച്ചിത്ര പ്രവർത്തകനായ വി.കെ. ശ്രീരാമനെ തള്ളി സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് രംഗത്ത്. വി.കെ. ശ്രീരാമന്റെ പരാമർശം സങ്കടകരവും ദൗർഭാഗ്യകരവുമാണെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം, പുലിക്കളി സംഘങ്ങൾക്ക് ഇത്തവണ സർക്കാർ പ്രോത്സാഹനമായി ഒരു ലക്ഷം രൂപ വീതം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞവർഷം വരെ അമ്പതിനായിരം രൂപയാണ് നൽകിയിരുന്നത്. മാനസികമായി തകർന്നിരിക്കുന്ന കലാകാരന്മാരെ ചേർത്ത് നിർത്തി പ്രോത്സാഹിപ്പിക്കേണ്ടത് സാംസ്കാരിക സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. മന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് വി.കെ. ശ്രീരാമൻ രംഗത്തെത്തി. തൃശൂരിലേത് സിംഗിൾ തീം കാർണിവൽ ആണെന്ന് മനസ്സിലാക്കാതെയുള്ള അഭിപ്രായപ്രകടനം പക്വതയുള്ളതായിരുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ ഖേദക്കുറിപ്പിൽ വ്യക്തമാക്കുന്നത്.
Also Read:തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ അമേരിക്കൻ സന്ദർശനത്തിന് അനുമതി നിഷേധിച്ച് കേന്ദ്ര സർക്കാർ!
വൈകൃതം കലയ്ക്കുവേണ്ടി ഉപയോഗിക്കുന്നത് ആഭാസമെന്നായിരുന്നു ശ്രീരാമന്റെ മുൻപത്തെ വിമർശനം. എന്നാൽ ഈ പരാമർശത്തിനെതിരെ പുലിക്കളി സംഘങ്ങളും കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉൾപ്പെടെയുള്ള പ്രമുഖരും കടുത്ത പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ശ്രീരാമൻ നടത്തിയത് ബോഡി ഷെയിമിങ് ആണെന്നും നിയമനടപടി സ്വീകരിക്കുമെന്നും അയ്യന്തോൾ ദേശം ഉൾപ്പെടെയുള്ളവർ പ്രതികരിച്ചിരുന്നു. ഇതിനെ തുടർന്നാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ ഖേദം പ്രകടിപ്പിച്ച് പുതിയ കുറിപ്പിറക്കിയത്.
The post പുലിക്കളി സംഘങ്ങൾക്ക് പിന്തുണയുമായി സാംസ്കാരിക മന്ത്രി; ധനസഹായം ഒരു ലക്ഷം രൂപയായി വർദ്ധിപ്പിച്ചു! appeared first on Express Kerala.




