പാലക്കാട്: കേരളത്തിന്റെ റെയിൽവേ വികസനത്തിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് പാലക്കാട് ഡിവിഷൻ വെട്ടിമുറിച്ച് റെയിൽവേ ബോർഡ് ഉത്തരവിറക്കി (Palakkad Railway Division bifurcation). പാലക്കാട് ഡിവിഷന്റെ കീഴിലായിരുന്ന തന്ത്രപ്രധാനമായ മംഗളൂരു മേഖലയെ ദക്ഷിണ പശ്ചിമ റെയിൽവേയുടെ (South Western Railway) മൈസൂരു ഡിവിഷനിലേക്ക് മാറ്റി. പുതിയ മാറ്റം 2026 ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും.
പനമ്പൂർ സ്റ്റേഷനും ചരക്ക് ഗതാഗത മേഖലകളും അടക്കമുള്ള പ്രദേശങ്ങളാണ് മൈസൂരു ഡിവിഷന് കീഴിലാകുന്നത്. ഇതോടെ പാലക്കാട് ഡിവിഷന് ലഭിച്ചുകൊണ്ടിരുന്ന വലിയൊരു പങ്കു വരുമാനം ഗണ്യമായി കുറയും. ഭാവിയിൽ സതേൺ റെയിൽവേക്കും കേരളത്തിന്റെ റെയിൽവേ വികസനത്തിനും ഈ തീരുമാനം വലിയ പ്രഹരമാകും. കേരളത്തിന് സ്വന്തമായി റെയിൽവേ സോൺ വേണമെന്ന ആവശ്യം ശക്തമായി നിലനിൽക്കെയാണ് കൈയിലുണ്ടായിരുന്ന മേഖല കൂടി നഷ്ടപ്പെടുന്നത്.
റെയിൽവേ ബോർഡിന്റെ ഈ ഒരുപക്ഷീയമായ നടപടി പുനഃപരിശോധിക്കണമെന്ന് ഡിവിഷണൽ റെയിൽവേ യൂസേഴ്‌സ് കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗം അബ്ദുൽ റഹ്മാൻ വള്ളിക്കുന്ന് ആവശ്യപ്പെട്ടു. നടപ്പു സാമ്പത്തിക വർഷത്തിൽ (2026-27) ജൂലൈ വരെയുള്ള ആദ്യ നാല് മാസങ്ങളിൽ 400 കോടിയിലധികം രൂപ യാത്രാ വരുമാനം നേടി പാലക്കാട് ഡിവിഷൻ മികച്ച വളർച്ച രേഖപ്പെടുത്തി വരുമ്പോഴാണ് ഈ വെട്ടിമുറിക്കൽ.
Story Summary: Railway Board issues an order to detach the Mangaluru region from the Palakkad Division and merge it with the Mysuru Division under South Western Railway, effective October 1.



