
കെസിഎൽ മൂന്നാം സീസണിൽ ആവേശകരമായ പോരാട്ടത്തിനൊടുവിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ മൂന്ന് റൺസിന് പരാജയപ്പെടുത്തി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ആദ്യ വിജയം സ്വന്തമാക്കി. കാലിക്കറ്റ് മുന്നോട്ടുവെച്ച 149 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊച്ചിക്ക് 19 ഓവറിൽ 145 റൺസെടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ടമായി. തകർപ്പൻ ബാറ്റിങ് പ്രകടനത്തോടെ ടീമിന് തുണയായ കൃഷ്ണദേവനാണ് മത്സരത്തിലെ താരം (പ്ലെയർ ഓഫ് ദി മാച്ച്). സ്കോർ: കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് – 20 ഓവറിൽ 148/5, കൊച്ചി ബ്ലൂ ടൈഗേഴ്സ് – 19 ഓവറിൽ 145/10.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കാലിക്കറ്റിന്റെ മുൻനിര തകർച്ചയോടെയാണ് തുടങ്ങിയത്. ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ (7), കെ.എസ്. അരവിന്ദ് (5), വരുൺ നായനാർ (22), അബ്ദുൾ ബാസിത് (0) എന്നിവർ പെട്ടെന്ന് പുറത്തായതോടെ നാല് വിക്കറ്റിന് 43 റൺസ് എന്ന നിലയിലായി അവർ. ബേസിൽ തമ്പി ഒരേ ഓവറിൽ ഇരട്ട വിക്കറ്റുകൾ വീഴ്ത്തി കാലിക്കറ്റിനെ പ്രതിരോധത്തിലാക്കി. പിന്നീട് അഖിൽ സ്കറിയയും (26) സൽമാൻ നിസാറും ചേർന്ന് ടീമിനെ കരകയറ്റാൻ ശ്രമിച്ചെങ്കിലും അഖിലിനെയും ബേസിൽ പുറത്താക്കി. തുടർന്ന് ആറാം വിക്കറ്റിൽ ഒത്തുചേർന്ന സൽമാൻ നിസാർ (37 പന്തിൽ 47*), കൃഷ്ണദേവൻ (17 പന്തിൽ 40*) കൂട്ടുകെട്ടാണ് കാലിക്കറ്റിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. വെറും 27 പന്തിൽ 54 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. കൊച്ചിക്കായി ബേസിൽ തമ്പി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
Also Read: ഫൈനൽ കഴിഞ്ഞതും കൈയാങ്കളി; പരേഡെസിന് 10 മത്സര വിലക്ക്, അർജന്റീനയ്ക്ക് കനത്ത ശിക്ഷ..!
മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊച്ചിയുടെ തുടക്കവും പാളുന്ന കാഴ്ചയാണ് കണ്ടത്. 99 റൺസെടുക്കുന്നതിനിടെ ഏഴ് വിക്കറ്റുകൾ നഷ്ടപ്പെട്ട് തോൽവി ഉറപ്പിച്ച ഘട്ടത്തിൽ നിന്ന് സച്ചിൻ സുരേഷും (19 പന്തിൽ 32) മുഹമ്മദ് ആഷിഖും (10 പന്തിൽ 23) ചേർന്ന് കൊച്ചിയെ തിരിച്ചുകൊണ്ടുവന്നു. എന്നാൽ വിജയത്തിന് പത്ത് റൺസകലെ സച്ചിൻ റണ്ണൗട്ടായതും തൊട്ടടുത്ത പന്തിൽ ആൽഫി ഫ്രാൻസിസ് പുറത്തായതും കൊച്ചിക്ക് തിരിച്ചടിയായി. കാലിക്കറ്റിനായി ആതിഫ് ബിൻ അഷ്റഫ്, ഇബ്നുൾ അഫ്താബ്, ഹരികൃഷ്ണൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി വിജയം ഉറപ്പാക്കി.
The post അവസാന പന്തുവരെ ആവേശം; കൊച്ചി ബ്ലൂ ടൈഗേഴ്സിനെ മൂന്ന് റൺസിന് വീഴ്ത്തി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന് ആദ്യ ജയം appeared first on Express Kerala.




